ലോട്ടറി വിൽപ്പനക്കാരന് ദേശീയപാതയിൽ ദാരുണാന്ത്യം, കേസെടുത്ത് പൊലീസ് അന്വേഷണം
കുഴൽമന്ദം പൊലീസാണ് ബൈക്ക് യാത്രക്കാരനെതിരെ കേസെടുത്തത്
പാലക്കാട്: കുഴൽമന്ദം ദേശീയപാതയിൽ ബൈക്ക് ഇടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. ചിതലി പഞ്ഞിറോഡ് എം എൻ ലക്ഷംവീട് മാരാത്ത്ക്കാട് വീട്ടിൽ അബ്ദുൾ മുബാറക് ( 58 ) ആണ് മരിച്ചത്. ദേശീയപാത ചിതലി പാലത്ത് റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുൾ മുബാറക്കിനെ ആലത്തൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മുബാറക്കിനെ കുഴൽമന്ദം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും, തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രി വച്ച് വൈകിട്ട് അഞ്ച് മണിക്കാണ് മരിച്ചത്. കുഴൽമന്ദം പൊലീസ് ബൈക്ക് യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
ഇടമലക്കുടിയിൽ നിന്ന് മടങ്ങും വഴി ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടം, ദമ്പതിമാർക്ക് പരിക്ക്
അതേസമയം ഇടുക്കിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മൂന്നാർ ഉദുമൽപ്പെട്ട് അന്തർ സംസ്ഥാനപാതയിൽ ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു എന്നതാണ്. ഇടമലക്കുടിയിൽ പോയി തിരികെ മടങ്ങിയ മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. പെരിയവാരയ്ക്കും കനിമലയയ്ക്കും ഇടയിൽ വച്ച് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പെരിയവാരയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ രാമചന്ദ്രന്‍, ഭാര്യ ജ്യോതി എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തില്‍ രാമചന്ദ്രന് കൈയ്ക്കും കാലിനും തലയിലും പരിക്കേറ്റു. വാഹനം മറിഞ്ഞ ശേഷം ഇവര്‍ തന്നെ വാഹനത്തിന് പുറത്തിറങ്ങി റോഡിലെത്തുകയും ഇതുവഴി വന്ന മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തുകയുമായിരുന്നു. ഇടമലക്കുടി സന്ദര്‍ശനം കഴിഞ്ഞ് രാത്രിയോടെയാണ് ഇവർ തിരികെ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നതറിഞ്ഞ് മൂന്നാർ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ടെന്നറിഞ്ഞത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.