ലോട്ടറി കച്ചവടക്കാർക്ക് കൈതാങ്ങ്; ടിക്കറ്റ് വാങ്ങാൻ 3500 രൂപയുടെ കൂപ്പൺ, ഒപ്പം സാനിറ്റൈസറും മാസ്‌കും
കൂപ്പണിനൊപ്പം കൊവിഡ് പ്രതിരോധത്തിന് സാനിറ്റൈസറും മാസ്‌കും വീട്ടിലെത്തിക്കും. രണ്ടുജോഡി മാസ്‌കും ഒരു കുപ്പി സാനിറ്റൈസറുമാണ് നൽകുക.
കോഴിക്കോട്: കൊവിഡ് ലോക്ക്ഡൗണിന് ശേഷം ലോട്ടറി വിൽപ്പന വീണ്ടും തുടങ്ങുമ്പോൾ കച്ചവടക്കാർക്ക് കൈത്താങ്ങുമായി ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് ക്ഷേമനിധി ബോർഡ്. ടിക്കറ്റുകൾ വാങ്ങാൻ 3500 രൂപയുടെ കൂപ്പൺ ക്ഷേമനിധി ബോർഡ് വിൽപ്പനക്കാർക്ക് നൽകും. ബോർഡിൽ അംഗങ്ങളായ 1800 പേർക്ക് ജില്ലയിൽ ഇതിന്റെ ഗുണം ലഭിക്കും.
അടുത്ത ദിവസങ്ങളിൽ കൊവിഡ് സന്നദ്ധ പ്രവർത്തകർ കൂപ്പൺ ലോട്ടറി തൊഴിലാളികൾക്ക് എത്തിച്ചു നൽകും. ലോട്ടറി വിൽപ്പന തുടങ്ങുമ്പോൾ ഇതുമായി സിവിൽ സ്‌റ്റേഷനിലെ ജില്ലാ ലോട്ടറി ഓഫീസിലോ ലോട്ടറികൾ എടുക്കുന്ന കടയിലോ എത്തിയാൽ മതിയാകും. ലോട്ടറി ഓഫീസിൽ നിന്ന് വാങ്ങുമ്പോൾ 3500 രൂപയുടെ ടിക്കറ്റും ഒറ്റത്തവണയായി വാങ്ങണം.
ക്ഷേമനിധി അംഗങ്ങളുടെ ഓണം ബോണസിൽ നിന്നാകും ഈ തുക തിരിച്ചുപിടിക്കുക. കൂപ്പണിനൊപ്പം കൊവിഡ് പ്രതിരോധത്തിന് സാനിറ്റൈസറും മാസ്‌കും വീട്ടിലെത്തിക്കും. രണ്ടുജോഡി മാസ്‌കും ഒരു കുപ്പി സാനിറ്റൈസറുമാണ് നൽകുക. തിങ്കളാഴ്‌ച ലോട്ടറി വിൽപ്പന പുനരാരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ലോക്ക്ഡൗൺ നീട്ടിയതിനാൽ വിൽപ്പന ആരംഭിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.