രോഹിത്തിന്‍റെ ഡക്കിന് പിന്നാലെ കോലിയുടെ ടെസ്റ്റ് കളി, ചേരിതിരിഞ്ഞ് പോരടിച്ച് ആരാധകര്‍

ഡല്‍ഹിക്കെതിരെ ബാറ്റിംഗ് അനായാസമായ പിച്ചില്‍ കോലി 46 പന്തില്‍ 119.57 സ്ട്രൈക്ക് റേറ്റില്‍ 55 റണ്‍സെടുത്തതാണ് ഇന്നലെ ബാംഗ്ലൂരിന്‍റെ തോല്‍വിക്ക് കാരണമായതെന്ന് മുംബൈ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Rohit Sharma and Virat Kohli fans fight over yesterdays innings in IPL 2023 gkc

ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്താവുകയും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വിരാട് കോലി അര്‍ധസെഞ്ചുറി നേടുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും ആരാധകര്‍ തമ്മില്‍ കോലി-രോഹിത് പോര്. തുടര്‍ച്ചയായി രണ്ടാം മത്സരത്തില്‍ ഡക്കായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന നായകനും കളിക്കാരനുമെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ് കോലി ഡല്‍ഹിക്കെതിരെ അര്‍ധസെഞ്ചുറി നേടി ഐപിഎല്ലില്‍ 7000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായി റെക്കോര്‍ഡിട്ടത്.

എന്നാല്‍ ഡല്‍ഹിക്കെതിരെ ബാറ്റിംഗ് അനായാസമായ പിച്ചില്‍ കോലി 46 പന്തില്‍ 119.57 സ്ട്രൈക്ക് റേറ്റില്‍ 55 റണ്‍സെടുത്തതാണ് ഇന്നലെ ബാംഗ്ലൂരിന്‍റെ തോല്‍വിക്ക് കാരണമായതെന്ന് മുംബൈ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കോലിയുടെ ടെസ്റ്റ് കളി ഇല്ലായിരുന്നെങ്കില്‍ ബാംഗ്ലൂര്‍ അനായാസം 200 കടക്കുമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടി20യില്‍ ടെസ്റ്റ് കളിച്ച കോലിയേക്കാള്‍ ഭേദമാണ് മോശം ഫോമിലായിരുന്നിട്ടും ഷോട്ട് കളിക്കാന്‍ തയാറായ രോഹിത്തെന്നും ആരാധകര്‍ പറയുന്നു. ഇന്നലെ 42 റണ്‍സില്‍ നിന്ന് 50ല്‍ എത്താന്‍ കോലി 10 പന്തുകള്‍ എടുത്തതിനെതിരെ കമന്‍ററിയില്‍ സൈമണ്‍ ഡൂളും വിമര്‍ശിച്ചിരുന്നു.

നാഴികക്കല്ലുകള്‍ അല്ല, മത്സരഫലമാണ് പ്രധാനമെന്ന് ഡൂള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ രോഹിത് പൂജ്യത്തിന് പുറത്തായതോടെ ടുക് ടുക് അക്കാദമിയിലേക്ക് ഹിറ്റ്മാനെ സ്വാഗതം ചെയ്താണ് കോലി ആരാധകര്‍ തിരിച്ചടിക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളും ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളും നേടിയിട്ടുള്ള രോഹിത്തിനെ മറക്കരുതെന്നാണ് മുംബൈ ആരാധകര്‍ മറുപടി നല്‍കുന്നത്. ചെന്നൈക്കെതിരായ മത്സരത്തില്‍ രോഹിത് പൂജ്യത്തിന് പുറത്തായതോടെ രോഹിറ്റ് ശര്‍മ എന്ന പേര് മാറ്റി നോ ഹിറ്റ് ശര്‍മ എന്നാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്തും വിമര്‍ശിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios