ഐപിഎല്‍ 2021: അന്ന് സ്‌റ്റോക്‌സ് പറഞ്ഞു 'ബ്രറ്റ് ലീ' എന്ന്, ഇന്ന് സഞ്ജുവും; ത്യാഗിയെ കുറിച്ച് ക്യാപ്റ്റന്‍
അവസാന ഓവറില്‍ ഒരു റണ്‍ വിട്ടുകൊടുത്ത ത്യാഗി മികച്ച ഫോമിലുള്ള നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ എന്നിവരെ പുറത്താക്കുകയും ചെയ്തു.

ദുബായ്: ഐപിഎല്ലില്‍ (IPL 2021) പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന ഓവര്‍ എറിയാന്‍ കാര്‍ത്തിക് ത്യാഗിയെ (Karthik Tyagi) ഏല്‍പ്പിക്കുമ്പോള്‍ പലരം നെറ്റി ചുളിച്ചിരുന്നു. ആദ്യ സ്‌പെല്ലില്‍ മൂന്ന് ഓവര്‍ എറിഞ്ഞപ്പോള്‍ 28 റണ്‍സാണ് ത്യാഗി വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടാനും സാധിച്ചിരുന്നില്ല.
എന്നിട്ടും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) പന്ത് ത്യാഗിക്ക് നല്‍കി. താരം ക്യാപ്റ്റന്റെ പ്രതീക്ഷ തെറ്റിച്ചില്ല. അവസാന ഓവറില്‍ നാല് റണ്‍സ് പ്രതിരോധിച്ച ത്യാഗി രാജസ്ഥാന് രണ്ട് റണ്‍സിന്റെ വിജയം സമ്മാനിച്ചു. അവസാന ഓവറില്‍ ഒരു റണ്‍ വിട്ടുകൊടുത്ത ത്യാഗി മികച്ച ഫോമിലുള്ള നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ എന്നിവരെ പുറത്താക്കുകയും ചെയ്തു.
ഐപിഎല്‍ 2021 'എന്റെ ബൗളര്‍മാരില്‍ ഞാന്‍ വിശ്വിസിച്ചു': സഞ്ജു, സ്വയം കുറ്റപ്പെടുത്തി രാഹുല്‍
രാജസ്ഥാന്റേത് അപ്രതീക്ഷിത വിജയമായിരുന്നു. ആഘോഷവേളയില്‍ അതെല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. മത്സരശേഷം സഞ്ജു സാംസണ്‍ തന്റെ ബൗളര്‍മാരെ പ്രശംസകൊണ്ട് മൂടി. മുസ്തഫിസുര്‍ റഹ്മാനേയും ത്യാഗിയേയും വിശ്വസിച്ചതിന്റെ ഫലമാണ് ഈ വിജയമെന്ന് സഞ്ജു വ്യക്തമാക്കി.
മത്സരശേഷം രാജസ്ഥാന്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച വീഡിയോയിലും സഞ്ജു ത്യാഗിയെ പ്രകീര്‍ത്തിക്കുന്നത് കാണാമായിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീ (Brett Lee) എന്നാണ് സഞ്ജു ത്യാഗിയെ വിശേഷിപ്പിച്ചത്. പ്രകടനം ക്ലാസായിരുന്നുവെന്നും സഞ്ജു പറയുന്നത് കേള്‍ക്കാം. രാജസ്ഥാന്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ കാണാം...
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തന്നെ ബെന്‍ സ്‌റ്റോക്‌സും (Ben Stokes) ത്യാഗിയെ ബ്രറ്റ് ലീയോട് ഉപമിച്ചിരുന്നു. ബ്രറ്റ് ലീയെ പോലെ റണ്ണപ്പ് എടുക്കുന്ന ത്യാഗിയുടെ ആക്ഷന്‍ ഇശാന്ത് ശര്‍മയുടേത് (Ishant Sharma) പോലെയാണെന്നും സ്‌റ്റോക്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് ബ്രറ്റ് ലീ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്ക്ലനാഘനും ത്യാഗിയുടെ ആക്ഷന്‍ ബ്രറ്റ് ലീയുടേത് പോലെയാണെന്ന് പറഞ്ഞിരുന്നു. മാത്രമല്ല, ഇന്ത്യന്‍ താരം ജസ്പ്രിത് ബുമ്ര (Jasprit Bumrah), മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് (Virender Sehwag), മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ (Dale Steyn) തുടങ്ങിയവരെല്ലാം ത്യാഗിയെ പുകഴ്ത്തി രംഗത്തെയിരുന്നു.


