'നിങ്ങള്‍ ഇസ്രയേലില്‍ വളരെ പ്രശസ്തനാണ്, വന്ന് എന്‍റെ പാര്‍ട്ടിയില്‍ ചേരാമോ' മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി
മിനുട്ടുകള്‍ നീണ്ട കൂടികാഴ്ചയിലെ ഒരു സൗഹൃദ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുകയാണ്.
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും (Prime Minister Narendra Modi) ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും (Naftali Bennett) ചൊവ്വാഴ്ച കൂടികാഴ്ച നടത്തി. ഗ്ലാസ്കോയില്‍ നടക്കുന്ന സിഒപി26 കാലാവസ്ഥ (COP26 climate summit) ഉച്ചകോടിയില്‍ വച്ചാണ് രണ്ട് പ്രധാനമന്ത്രിമാരും കൂടികാഴ്ച നടത്തിയത്. മിനുട്ടുകള്‍ നീണ്ട കൂടികാഴ്ചയിലെ ഒരു സൗഹൃദ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുകയാണ്.
'നിങ്ങള്‍ ഇസ്രയേലില്‍ വളരെ പ്രശസ്തനാണ്, വന്ന് എന്‍റെ പാര്‍ട്ടിയില്‍ ചേരാമോ'- എന്ന് പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രസകരമായ പരാമര്‍ശം പ്രധാനമന്ത്രി മോദി കേള്‍ക്കുന്നത് എന്നതും വീഡിയോയില്‍ ദൃശ്യമാണ്.
'താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേല്‍ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്കാരങ്ങളായ ഇന്ത്യന്‍ സംസ്കാരവും, ജൂത സംസ്കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്'- ഇസ്രയേല്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.
'ഇത് താല്‍പ്പര്യങ്ങള്‍ക്ക് പുറത്തുള്ളതല്ല. താങ്കളുടെ ഇസ്രയേലുമായുള്ള ബന്ധത്തിലെ ദൃഢാവിശ്വാസവും, കരുതലും ഞങ്ങളുടെ രാജ്യത്തിന് മനസിലാകും. അതിനാല്‍ തന്നെ ഇപ്പോള്‍ ആരംഭിച്ച ഈ പുതിയ ബന്ധത്തിന് എല്ലാ നന്ദിയും ഉണ്ട്'- ഇസ്രയേല്‍ പ്രധാനമന്ത്രി തുടര്‍ന്നു. പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കാര്‍ക്കും ദീപാവലി ആശംസകളും ഇസ്രയേല്‍ പ്രധാനമന്ത്രി നേര്‍ന്നു.
ഇസ്രയേലുമായുള്ള ബന്ധത്തില്‍ ഇന്ത്യ ഏറെ മൂല്യം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും ഘ്രസ്വമായ കൂടികാഴ്ചയ്ക്കിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് സൂചിപ്പിച്ചു.
ഗ്ലാസ്കോയിലെ ഇന്ത്യ ഇസ്രയേല്‍ പ്രധാനമന്ത്രിമാരുടെ കൂടികാഴ്ച ഇരു രാജ്യങ്ങളുടെയും ബന്ധം ദൃഢമാകുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഇസ്രയേലിലെ ഭരണമാറ്റം ഇന്ത്യയുമായുള്ള ബന്ധത്തില്‍ യാതൊരു ഉലച്ചിലും തട്ടിയിട്ടില്ലെന്ന് വ്യക്തമായെന്ന് നയതന്ത്ര നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇസ്രയേലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അതേ സമയം ഇസ്രയേല്‍ പ്രധാനമന്ത്രി അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് ചില ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.