മാസ്ക് സംബന്ധിച്ച പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ട്രംപ്
മാസ്ക് ധരിക്കുന്നത് സംബന്ധിച്ച പ്രസ്താവനയിൽ മലക്കം മറിഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാസ്ക് ധരിക്കുന്നവരാണ് യഥാർഥ രാജ്യ സ്നേഹികളെന്നാണ് ട്രംപിന്‍റെ പുതിയ ട്വീറ്റ്.
വാഷിംങ്ടണ്‍: മാസ്ക് ധരിക്കുന്നത് സംബന്ധിച്ച പ്രസ്താവനയിൽ മലക്കം മറിഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാസ്ക് ധരിക്കുന്നവരാണ് യഥാർഥ രാജ്യ സ്നേഹികളെന്നാണ് ട്രംപിന്‍റെ പുതിയ ട്വീറ്റ്. സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യ സ്നേഹമാണ്. എന്നെക്കാൾ അധികം രാജ്യത്തെ സ്നേഹിക്കുന്ന ആരുമില്ലെന്ന കുറിപ്പോടെ മാസ്ക് ധരിച്ച ചിത്രവും ട്രംപ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാസ്ക് ധരിച്ച് പൊതു വേദികളിൽ വരാൻ ട്രംപ് തയ്യാറായിരുന്നില്ല ല്ല.മാസ്ക് ധരിച്ച ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെ പരിഹസിക്കുകയും ചെയ്തു. എന്നാൽ മരണസംഖ്യ കുത്തനെ ഉയർന്നതോടെയാണ് പ്രസിഡന്‍റിന് മനംമാറ്റം ഉണ്ടായത്.
അമേരിക്കയിൽ അരലക്ഷത്തിലേറെ പേർ ഇന്നലെ രോഗബാധിതരായി. ഇതോടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം നാൽപ്പത് ലക്ഷത്തിലേറെയായി. ലോകത്ത് മരണം 6 ലക്ഷത്തി പതിനെട്ടായിരം കടന്നു. 24 മണിക്കൂറിനിടെ അയ്യായിരത്തിലേറെ പേരാണ് മരിച്ചത്.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. രോഗികളുടെ എണ്ണം ജൂൺ 28നാണ് ഒരു കോടി പിന്നിട്ടതെങ്കിൽ, അടുത്ത അരക്കോടി പേർക്ക് കൊവിഡ് ബാധിച്ചത് 24 ദിവസം കൊണ്ടാണ്.