കൊവിഡ് വാക്‌സിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് റഷ്യ
കൊവിഡ് വാക്‌സിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്ന് റഷ്യ.
മോസ്കോ: കൊവിഡ് വാക്‌സിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്ന് റഷ്യ. രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്റെ ആദ്യ പാക്കേജ് എത്തുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം മനുഷ്യരില്‍ പരീക്ഷിച്ച് രണ്ട് മാസം തികയുന്നതിന് മുൻപേയാണ്, റഷ്യ വാക്‌സിന്‍ വിജയകരമാണെന്ന് പ്രഖ്യാപിച്ചത്.
ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പൂചിനാണ് പ്രഖ്യാപിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ രജിസ്റ്റർ ചെയ്തതായി അറിയിച്ചത്. തന്‍റെ മകൾക്ക് വാക്സിൻ നൽകിയതായും പൂചിൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത് മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയമാക്കാതെയാണ് പുറത്തിറക്കാനൊരുങ്ങുന്നതെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. റഷ്യ പ്രഖ്യാപിച്ച വാക്സിനുമായി ബന്ധപ്പെട്ട് ഫലസിദ്ധി, പാര്‍ശ്വഫലം എന്നിവയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന അഭിപ്രായമാണ് ദില്ലി എയിംസ് ഡയറക്ടറായ ഡോ. രണ്‍ദീപ് ഗുലേറി രേഖപ്പെടുത്തിയത്. കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരുമുള്ളത്. ഇതിനിടെയാണ് വീണ്ടും അവകാശവാദവുമായി റഷ്യ രംഗത്തെത്തിയത്.