'പ്രധാനമന്ത്രി, തീവ്രവാദികൾക്ക് അഭയം നൽകുന്നത് നിങ്ങൾ എപ്പോൾ അവസാനിപ്പിക്കും?' എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ആദ്യചോദ്യം. എന്നാൽ, ഷെഹബാസ് ഷെരീഫ് ഇതിന് മറുപടി നൽകിയില്ല. പിന്നീട് യുഎൻ ആസ്ഥാനത്തുനിന്ന് മടങ്ങുന്നതിനിടെയും പാക് പ്രധാനമന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചു.

യുണൈറ്റഡ് നേഷൻസ്: ഭീകരവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. 81-ാമത് യുഎൻ പൊതുസഭയിൽ പങ്കെടുക്കാനായി യുഎൻ ആസ്ഥാനത്ത് എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ പാക് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ, ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുപോവുകയായിരുന്നു.

ഷെഹബാസ് ഷെരീഫ് യുഎൻ ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടികളെക്കുറിച്ച് ചോദ്യങ്ങളുയർന്നത്. 'പ്രധാനമന്ത്രി, തീവ്രവാദികൾക്ക് അഭയം നൽകുന്നത് നിങ്ങൾ എപ്പോൾ അവസാനിപ്പിക്കും?' എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ആദ്യചോദ്യം. എന്നാൽ, ഷെഹബാസ് ഷെരീഫ് ഇതിന് മറുപടി നൽകിയില്ല. പിന്നീട് യുഎൻ ആസ്ഥാനത്തുനിന്ന് മടങ്ങുന്നതിനിടെയും പാക് പ്രധാനമന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചു. ലഷ്കറെ തൊയിബ നേതാവ് ഹാഫിസ് സയീദിനെ എപ്പോൾ പ്രോസിക്യൂട്ട് ചെയ്യും എന്നായിരുന്നു ചോദ്യം. എന്നാൽ, ഈ ചോദ്യത്തിനും മറുപടി പറയാൻ പാക് പ്രധാനമന്ത്രി തയ്യാറായില്ല.

Scroll to load tweet…

അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെതിരേ കഴിഞ്ഞദിവസം യുഎന്നിൽ ഇന്ത്യ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിലും തീവ്രവാദികൾക്ക് അഭയം നൽകുന്നതിനും പകരം കടക്കെണിയിലായ സ്വന്തം സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കണമെന്നായിരുന്നു ഇന്ത്യൻ നയതന്ത്രജ്ഞനായ ക്ഷീതിജ് ത്യാ​ഗിയുടെ വിമർശനം. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ മറുപടി പറയുന്നതിനിടെയാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോ​ഗസ്ഥൻ പാകിസ്ഥാനെതിരേ ആഞ്ഞടിച്ചത്. പാക് അധീന കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളും ഭക്ഷണവും വെള്ളവും മരുന്നും തടയുന്ന നടപടികളും അദ്ദേഹം യുഎന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു.