ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളുമുണ്ടെന്ന് ഇസ്രയേൽ; പേടിച്ച് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ലബനണിലെ ജനങ്ങൾ

നിരവധി വാർത്താവിനിമയ ഉപകരണങ്ങൾ ഹിസ്ബുല്ല ഇറക്കുമതി ചെയ്തിരുന്നു. തായ്‍വാനിൽ നിന്ന് ഇറക്കുമതി ചെയ്ത 3000 പേജറുകളാണ് ആദ്യ ഘട്ടത്തിൽ പൊട്ടിത്തെറിച്ചത്. ഇന്നലെ പൊട്ടിത്തെറിച്ച വാക്കി ടോക്കികളാകട്ടെ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.

many capabilities yet to be activated says Israel Chief people at Lebanon afraid to use mobile phones and throw away

ബെയ്റൂട്ട്: രണ്ട് ദിവസമായുണ്ടായ അസാധാരണ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണ്‍ പോലും ഉപയോഗിക്കാൻ ഭയക്കുകയാണ് ലബനണിലെ ജനങ്ങൾ. ഭീതിയിലായ ജനങ്ങൾ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കുകയാണ്. ആരും ആലോചിക്കുക പോലും ചെയ്യാത്ത പേജറുകൾ, വാക്കിടോക്കി എന്നീ വയർലെസ് ഉപകരണങ്ങൾ സ്ഫോടനത്തിനായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് ആളുകൾ ഫോണിനെ ഭയക്കുന്നത്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ലബനണെ പിടിച്ചു കുലുക്കിയ സ്ഫോടന പരമ്പര നടന്നത്. ആദ്യമുണ്ടായ പേജർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലത്തെ വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 450 പേർക്ക് പരിക്കേറ്റു. പേജർ സ്ഫോടത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും സ്ഫോടനമുണ്ടായി. 

ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളും ഇസ്രയേലിന് ഉണ്ടെന്ന് സൈനിക മേധാവി പ്രതികരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എല്ലാം രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പദ്ധതിയെന്ന ആരോപണം ഇസ്രയേൽ ഇതുവരെ നിഷേധിച്ചിട്ടില്ല. അതേസമയം പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം വിളിച്ചു. സാധാരണ മനുഷ്യർ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ സ്ഫോടകവസ്തു നിറയ്ക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിച്ചു.

തായ്‍വാനിൽ നിന്ന് ഇറക്കുമതി ചെയ്ത 3000 പേജറുകളാണ് ആദ്യ ഘട്ടത്തിൽ പൊട്ടിത്തെറിച്ചത്. ഇന്നലെ പൊട്ടിത്തെറിച്ച വാക്കി ടോക്കികളാകട്ടെ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. നിരവധി ഇലക്ട്രോണിക് വാർത്താവിനിമയ ഉപകരണങ്ങൾ ഹിസ്ബുല്ല ഇറക്കുമതി ചെയ്തിരുന്നു. ഹിസ്ബുല്ല വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റിവിട്ടാണ് പൊട്ടിത്തെറി നടത്തിയത്. അതെങ്ങനെ കഴിഞ്ഞു എന്നതാണ് ഇനി വെളിപ്പെടാനുള്ളത്. പേജറുകൾ കൊണ്ടുവന്ന കണ്ടെയിനറുകൾ എവിടെയെങ്കിലും വച്ച് തടഞ്ഞുനിർത്തി സ്ഫോടകവസ്തു നിറച്ചതാവാം എന്നാണ് ആദ്യ ഘട്ടത്തിൽ ഉയർന്ന സംശയം. ഇപ്പോൾ വരുന്ന വിവരം വ്യാജ കമ്പനി തന്നെ മൊസാദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച് അവിടെ വച്ചു തന്നെ സ്ഫോടക വസ്തു നിറച്ചു എന്നാണ്.  ഇന്നലെ സോളാർ ബാറ്ററുകളും കാർ ബാറ്ററികളും കൂടി പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios