റൺവേയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി ഗർത്തം രൂപപ്പെട്ടു; ജപ്പാനിലെ എയർപോർട്ട് അടച്ചു
മണ്ണിനടിയിൽ കുഴിച്ചിട്ട ബോംബാണ് പൊട്ടിത്തെറിച്ചത്. അമേരിക്കൻ ബോംബാണെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തിൽ പൊട്ടാതെ കിടന്നിരുന്നതാണെന്നും സ്ഥിരീകരിച്ചു.
ടോക്യോ: രണ്ടാം ലോകമഹായുദ്ധസമയത്ത് പതിച്ച യുഎസ് ബോംബ് റൺവേയിൽ പൊട്ടിത്തെറിച്ചതോടെ ജപ്പാനിൽ വിമാനത്താവളം അടച്ചു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിൽ റൺവേക്ക് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. തുടർന്ന് വിമാനത്താവളം അടച്ചുപൂട്ടി. സ്ഫോടനത്തെത്തുടർന്ന് ടാക്സിവേയിൽ 7 മീറ്റർ വീതിയും 1 മീറ്റർ ആഴവുമുള്ള കുഴി രൂപപ്പെട്ടുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഏകദേശം 87 വിമാനങ്ങളാണ് സംഭവത്തെ തുടർന്ന് റദ്ദാക്കിയത്.
മണ്ണിനടിയിൽ കുഴിച്ചിട്ട ബോംബാണ് പൊട്ടിത്തെറിച്ചത്. അമേരിക്കൻ ബോംബാണെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തിൽ പൊട്ടാതെ കിടന്നിരുന്നതാണെന്നും സ്ഥിരീകരിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെയോടെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും.
ജപ്പാൻ എയർലൈൻസ് (ജെഎഎൽ), ഓൾ നിപ്പോൺ എയർവേയ്‌സ് (എഎൻഎ) എന്നിവയും മറ്റ് എയർലൈനുകളും നടത്തുന്ന വിമാനങ്ങളെയും ബാധിച്ചു. ടാക്‌സിവേയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എത്രയും വേഗം സാധാരണ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികൾ. അതേസമയം, പൊട്ടാത്ത ബോംബുകൾ ജപ്പാനിൽ നിരന്തരമായ ഭീഷണിയായി തുടരുന്നു. യുദ്ധം അവസാനിച്ച് 79 വർഷത്തിലേറെയായിട്ടും, ഗതാഗത മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, മിയാസാക്കി വിമാനത്താവളത്തിൽ മുമ്പും പൊട്ടാത്ത ഒന്നിലധികം ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. 2023ൽ മാത്രം 37.5 ടൺ ഭാരമുള്ള 2,348 ബോംബുകളാണ് നിർവീര്യമാക്കിയത്.
Read More.... ലെബനോനിൽ കനത്ത ബോംബിംഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം
രണ്ടാം ലോകമഹായുദ്ധസമയത്ത് ജാപ്പനീസ് നാവിക താവളമായിരുന്നു മിയാസാക്കി വിമാനത്താവളം പിന്നീട് സിവിലിയൻ ഉപയോഗത്തിലേക്ക് മാറി. ജപ്പാൻ എയർലൈൻസ്, ഓൾ നിപ്പോൺ എയർവേസ്, സോളസീഡ് എയർ തുടങ്ങിയ പ്രധാന എയർലൈനുകൾ മിയാസാക്കിയിൽ നിന്ന് സർവീസ് നടത്തുന്നു. ടോക്കിയോ, ഒസാക്ക, ഫുകുവോക്ക തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസും ഇവിടെനിന്നുണ്ട്.