'ജീവൻ പോകുന്നതിന് മുമ്പ് പുറത്തുവരൂ'; ഭൂഗർഭ തുരങ്കത്തിൽ നിന്ന് ഹിസ്ബുല്ല ഓപ്പറേറ്ററെ പിടികൂടി ഇസ്രായേൽ സേന
7 മീറ്ററോളം അഴത്തിലുള്ള ഭൂഗർഭ തുരങ്കത്തിനുള്ളിൽ നിരവധി ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി ഇസ്രായേൽ സേന അറിയിച്ചു.
ലെബനൻ: ഭൂഗർഭ തുരങ്കത്തിൽ ഒളിച്ചിരുന്ന ഹിസ്ബുല്ല ഓപ്പറേറ്ററെ പിടികൂടി ഇസ്രായേൽ പ്രതിരോധ സേന. ഞായറാഴ്ച ലെബനനിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഭൂഗർഭ തുരങ്കം കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ തുരങ്കത്തിനുള്ളിൽ ഒരാൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ലെബനനിലെ അതിർത്തി കടന്നുള്ള കരയുദ്ധത്തിന് ശേഷം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രഖ്യാപനം ഇതാദ്യമാണ്.
7 മീറ്ററോളം ആഴമുള്ള തുരങ്കത്തിനുള്ളിൽ നിരവധി ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി ഇസ്രായേൽ സേന അറിയിച്ചു. ഇസ്രായേൽ സേനയ്ക്ക് മുന്നിൽ ഹിസ്ബുല്ല ഓപ്പറേറ്റർ കീഴടങ്ങുകയായിരുന്നു. എന്നാൽ, എപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണവും ലഭിച്ചിട്ടില്ല. പരിശോധനയുടെ ദൃശ്യങ്ങൾ ഇസ്രായേൽ സേന സമൂഹ മാദ്ധ്യമമായ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
തുരങ്കത്തിൽ നിന്ന് പതുക്കെ പുറത്തുവരുന്ന ഹിസ്ബുള്ള ഓപ്പറേറ്ററോട് ഒരു കൂട്ടം ഇസ്രായേൽ സൈനികർ അറബിയിൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. "നിങ്ങളുടെ ജീവൻ പോകുന്നതിന് മുമ്പ് പുറത്തുവരൂ" എന്ന് ഇസ്രായേൽ സൈനികർ പറയുന്നുണ്ട്. സൈനികരോട് ഒരു സിഗരറ്റ് വേണോ എന്ന് പിടിയിലായ ആൾ തിരിച്ച് ചോദിക്കുന്നു. "സിഗരറ്റ്, കാപ്പി, 5,000 ഡോളർ" എന്നാണ് ഒരു സൈനികൻ ഇതിന് മറുപടി നൽകുന്നത്. അതേസമയം, പിടികൂടിയ ഹിസ്ബുല്ല ഓപ്പറേറ്ററെ സ്ഥലത്ത് വെച്ച് തന്നെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇസ്രായേലിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.