ഗാസയിലും ബെയ്റൂട്ടിലും ഇസ്രായേൽ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 22ഓളം പേരും ബെയ്റൂട്ടിൽ 31 പേരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഗാസ: ഗാസയിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഒരു സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 22ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ അധികൃതർ അറിയിച്ചു. എന്നാൽ, ഹമാസിന്റെ കമാൻഡ് സെന്ററിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
മുമ്പ് സ്കൂളായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ ഹമാസിന്റെ നിയന്ത്രണത്തിലാണെന്ന് ഇസ്രായേൽ ആരോപിച്ചു. സാധാരണക്കാരെ മറയാക്കിയാണ് ഹമാസിന്റെ പ്രവർത്തനമെന്നും ഇസ്രായേൽ വ്യക്തമാക്കി. എന്നാൽ, ഇസ്രായേലിന്റെ എല്ലാ ആരോപണങ്ങളും ഹമാസ് നിഷേധിച്ചു. അതേസമയം, ഹിസ്ബുല്ലയ്ക്ക് എതിരെയും ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഇതിൽ 16 പേർ ഹിസ്ബുല്ല അംഗങ്ങളാണെന്ന് ഹിസ്ബുല്ല നേതാക്കൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, അടുത്തിടെ പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് ലെബനനിൽ 40ഓളം പേർ കൊല്ലപ്പെട്ടിരുന്നു. മൂവായിരത്തിലധികം ആളുകൾക്കാണ് വിവിധയിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ പരിക്കേറ്റത്. ആയിരക്കണക്കിന് പേജറുകളാണ് ലെബനനിൽ ഒരേ സമയം പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെ ഇരുഭാഗത്തും തുടർച്ചയായി ആക്രമണങ്ങളുണ്ടായി. ഇസ്രായേലിന് എതിരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയപ്പോൾ വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ തിരിച്ചടിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളായ ഇബ്രാഹിം അക്വിൽ, അഹമ്മദ് വഹ്ബി എന്നിവർ കൊല്ലപ്പെട്ടിരുന്നു.
READ MORE: ഹിസ്ബുല്ലയ്ക്ക് വീണ്ടും തിരിച്ചടി; വ്യോമാക്രമണത്തിൽ ടോപ് കമാൻഡറെ വധിച്ച് ഇസ്രായേൽ