നാസ സന്ദർശിക്കാനെത്തിയ ഇന്ത്യൻ വിദ്യാര്‍ത്ഥി അമേരിക്കയിൽ അതീവ ഗുരുതരാവസ്ഥയിൽ; അധ്യാപകർ തിരികെ പോയതിൽ വിമർശനം
ഹോട്ടലിലെ നീന്തല്‍കുളത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. പതിനാല് മിനിറ്റോളം വെള്ളത്തിനടിയില്‍ കിടന്ന ശേഷമാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കാനായത്.
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലെ ഹോട്ടലിലെ നീന്തൽ കുളത്തിലുണ്ടായ അപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ. ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദർശിക്കാൻ കുവൈറ്റിൽ നിന്നെത്തിയ സംഘത്തിലുണ്ടായിരുന്ന പ്രജോബ് എന്ന വിദ്യാര്‍ത്ഥിയാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്. അതേസമയം പ്രജോബിന് ഒപ്പമുണ്ടായിരുന്ന അധ്യാപകർ തിരികെ പോയത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
തിരുനെല്‍വേലി സ്വദേശിയായ പന്ത്രണ്ടാം ക്ലാസുകാരന്‍ പ്രജോബ് കുവൈത്തിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നിന്നാണ് ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയത്. 60 സഹപാഠികളും ആറ് അധ്യാപകരും ഒപ്പമുണ്ടായിരുന്നു. നവംബര്‍ 23ന് ഫ്ലോറിഡയിലെ ഹോട്ടലിലെ നീന്തല്‍കുളത്തില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. 14 മിനിറ്റോളം വെള്ളത്തിനടിയിലായ പ്രജോബിനെ പിന്നീട് ഫയർ ഫോഴ്സും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
ഫ്ലോറിഡയിലെ അഡ്വെന്റ് ഹെല്‍ത്ത് ആശുപത്രിയില്‍ ഇപ്പോള്‍ തീവ്രപരിചരണത്തിലാണ് പ്രജോബ്. പക്ഷേ ആരോഗ്യ നിലയില്‍ പ്രതീക്ഷ നല്‍കുന്ന പുരോഗതിയുണ്ടാവുന്നില്ലെന്നാണ് സൂചന. പ്രജോബിനൊപ്പം ഉണ്ടായിരുന്ന എല്ലാവരും കുവൈത്തിലേക്ക് തിരികെ പോവുകയും ചെയ്തു. മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയിരുന്ന രണ്ട് അധ്യാപകരും ഉത്തരവാദിത്തം ഏല്‍ക്കാതെ തിരികെ പോയത് ഫ്ലോറിഡയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
അപകടത്തിന് ശേഷം സ്കൂള്‍ അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നാണ് പരാതി. അധ്യാപകര്‍ വിദ്യാര്‍ത്ഥിക്കോ മാതാപിതാക്കള്‍ക്കോ വേണ്ട ഒരു സഹായവും നല്‍കാതെ രാജ്യം വിട്ടുപോയപ്പോള്‍ ഫ്ലോറിഡയിലെ ഇന്ത്യന്‍ സമൂഹമാണ് നിലവില്‍ വിദ്യാര്‍ത്ഥിക്കും രക്ഷിതാക്കള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതെന്ന് അഡ്വെന്റ് ഹോസ്പിറ്റല്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ സജി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചികിത്സാ ആവശ്യാര്‍ത്ഥം ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വഴി ഇതിനോടകം 40,000 ഡോളര്‍ പിരിച്ചെടുത്തിട്ടുണ്ട്.
പ്രജോബിന്റെ മാതാപിതാക്കള്‍ ഓര്‍ലാന്റോയില്‍ എത്തിയിട്ടുണ്ട്. മകന്റെ ആരോഗ്യ നിലയില്‍ ഒരു പുരോഗതിയും ഇല്ലെങ്കില്‍ വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടോ എന്ന കടുത്ത തീരുമാനം എടുക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...