ഷെയ്ഖ് ഹസീന ഡിസംബർ 16ന് ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് രാജ്യത്ത് വീണ്ടും കനത്ത രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയേക്കാം

ദില്ലി: വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന നാട്ടിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ഡിസംബർ 16 ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് ഡിസംബർ 16 ന് മടങ്ങുമെന്ന് ഹസീനയുടെ വക്താവ് വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ധാക്കയിലേക്ക് ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ യാത്ര ഒരുക്കണമെന്നാണ് ആവശ്യം. 1971 ലെ വിമോചന വിജയദിനത്തിലാണ് മടക്കയാത്ര ലക്ഷ്യമിടുന്നത്. മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന നിലപാടിലാണ് ബംഗ്ലാദേശ് സർക്കാർ. കലാപ കാലത്തെ സംഭവങ്ങളുടെ പേരിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ രാഷ്ട്രീയ സംഘർഷം ശക്തമാകാനാണ് സാധ്യത.

ഹസീനക്കൊപ്പം കേന്ദ്ര സർക്കാർ

2024 ഓഗസ്റ്റ് 5 നാണ് വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ഡിസംബർ 16 ബംഗ്ലാദേശിന്റെ വിജയദിനമാണ്. 1971 ൽ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്‍റെ വാർഷികദിനത്തിൽ തന്നെ മടങ്ങിയെത്താനാണ് ഹസീന തീരുമാനിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റ് അഞ്ചിന് ഹസീനയെ ഇന്ത്യയിലെത്തിച്ചത് ബംഗ്ലാദേശ് വിമാനത്തിലായിരുന്നുവെന്നും അതിനാൽ തിരിച്ചുപോക്കിനും അതേ രീതിയിൽ സൗകര്യം ഒരുക്കണമെന്നുമാണ് ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി. ഇന്ത്യയുടെ കൈമാറ്റ ഉടമ്പടി പ്രകാരം കൈമാറിയാൽ മാത്രമേ ഹസീനയ്ക്ക് മടങ്ങാനാകൂവെന്നാണ് നിലപാട്. കൈവിലങ്ങോടെയും കർശന നിരീക്ഷണത്തിലുമായിരിക്കും മടക്കമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം നവംബറിൽ ഹസീനയ്ക്ക് യുദ്ധക്കുറ്റ വിചാരണക്കോടതി അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു. ആരോപണങ്ങൾ ഹസീന നിഷേധിച്ചിരുന്നു. അവാമി ലീഗിന് രാജ്യത്ത് നിലവിൽ വിലക്കുമുണ്ട്. ഹസീനയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടതോടെ ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഇന്ത്യയുമായുള്ള നയതന്ത്ര ചർച്ചകളും വീണ്ടും നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

അതേസമയം ഷെയ്ക്ക് ഹസീനയെ വിട്ടു കിട്ടണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യത്തിൽ ഇന്ത്യ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ നടത്തി വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്. ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും നിയമനടപടി നേരിടുമെന്നും ഹസീന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഹസീന നേരിട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചോ എന്നകാര്യത്തിൽ വ്യക്തതയില്ല. നാട്ടിലേക്ക് മടങ്ങണമെന്ന നിലപാട് ഹസീന അറിയിച്ചാൽ കേന്ദ്രം സഹായമൊരുക്കാനാണ് സാധ്യത.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player