'ഒരിക്കലും മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നില്ല'; പൊതുവേദിയില്‍ ആദ്യമായി മാസ്ക് ധരിച്ച് ട്രംപ്
രാജ്യത്തെ കൊവിഡ് 19 ബാധിച്ചുള്ള മരണം 134000 പിന്നിട്ടതോടെയാണ് നിലപാട് മാറ്റം. പ്രസിഡന്റിന്‍റെ സീലോട് കൂടിയ മാസ്ക് ധരിച്ചാണ് ട്രംപ് വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രി സന്ദര്‍ശിച്ചത്.
വാഷിംഗ്ടണ്‍: പൊതുഇടങ്ങളില്‍ എത്തുമ്പോള്‍ മാസ്ക് ധരിക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ കൊവിഡ് 19 ബാധിച്ചുള്ള മരണം 134000 പിന്നിട്ടതോടെയാണ് നിലപാട് മാറ്റം. പ്രസിഡന്റിന്‍റെ സീലോട് കൂടിയ മാസ്ക് ധരിച്ചാണ് ട്രംപ് വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രി സന്ദര്‍ശിച്ചത്. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ മാസ്‌കോ മറ്റ് മുഖാവരണമോ ധരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
താനൊരിക്കലും മാസ്ക് ധരിക്കുന്നതിന് എതിരായിരുന്നില്ല. ഒരു ആശുപത്രി സന്ദര്‍ശിച്ച് അവിടുള്ള അന്തേവാസികളുമായി സംസാരിക്കുമ്പോള്‍ മാസ്ക് ധരിക്കുന്നത് നല്ലതാണ്. പട്ടാളക്കാരില്‍ ചിലര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് പുറത്ത് വന്നതേ ഉണ്ടാവുകയുള്ളു. അവരുമായി സംസാരിക്കുമ്പോള്‍ മാക്സ് നല്ലതാണെന്നും ട്രംപ് പ്രതികരിച്ചതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ വാര്‍ത്താ സമ്മേളനങ്ങളിലോ റാലികളിലോ മറ്റ് പൊതുയോഗങ്ങളിലോ മാസ്ക് ധരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3242073 എത്തിനില്‍ക്കുമ്പോഴാണ് ആദ്യമായി പൊതുപരിപാടിയില്‍ മാസ്ക് ധരിച്ച് ട്രംപ് പ്രത്യക്ഷപ്പെടുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കാന്‍ ട്രംപ് കൂട്ടാക്കിയില്ല. സൈനിക ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ട്രംപ് നയം മാറ്റിയതെന്നാണ് സൂചന.