യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഡോണാൾഡ് ട്രംപ്. റിയാദ് വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ ഹൂതികൾക്കെതിരെ സൗദിക്കൊപ്പം ചേർന്ന് ആക്രമണം നടത്താനും അമേരിക്ക ആലോചിക്കുന്നുണ്ട്.
വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പായി ഇറാൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ അമേരിക്ക അതിന് പെട്ടെന്ന് തന്നെ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ടെന്നസിയിലെ ക്ലാർക്സ്വില്ലെയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ മൂന്നിന് അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ട്രംപിൻ്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്.
"അവർ (ഇറാൻ) ഇപ്പോൾ കുറച്ച് ശാന്തരാണ്. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കരുതി അവർ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഞങ്ങൾക്ക് അത് വളരെ വേഗം അവസാനിപ്പിക്കാൻ കഴിയും. ഞാൻ അവരോട് എത്ര നല്ല രീതിയിലാണ് പെരുമാറിയതെന്ന് അവർക്കറിയില്ല"- ട്രംപ് പറഞ്ഞു.
ഇറാനുമായി ചർച്ചകൾ നടക്കുന്നതിനാൽ നവംബർ മൂന്നിന് മുമ്പ് അമേരിക്ക ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "ഇറാനുമായി നമ്മൾ നല്ല രീതിയിലുള്ള ചർച്ചകൾ നടത്തുന്നുണ്ട്. സാമ്പത്തികമായും സൈനികമായും ഇറാൻ വളരെ മോശം അവസ്ഥയിലാണെങ്കിലും ഉപരോധം ശക്തമായി തന്നെ തുടരും. ഹോർമുസ് കടലിടുക്കിലൂടെ റെക്കോർഡ് അളവിലാണ് എണ്ണ കടന്നുപോകുന്നത് (കഴിഞ്ഞ ദിവസം മാത്രം 22 ദശലക്ഷം ബാരൽ എണ്ണയാണ് കടന്നുപോയത്. ഇതിൽ ഒരു ബാരൽ പോലും ഇറാനിൽ നിന്നുള്ളതോ ഇറാനിലേക്കുള്ളതോ അല്ല). നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് നമ്മൾ ഇറാനെ ആക്രമിക്കില്ല. ഇറാന് ഒരിക്കലും ഒരു ആണവായുധം ഉണ്ടാകില്ല" - ട്രംപ് കുറിച്ചു.
അതേസമയം റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഹൂതികൾക്കെതിരെ സൗദി അറേബ്യക്കൊപ്പം ചേർന്ന് ആക്രമണം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു. "പുതിയ ആക്രമണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞതേയുള്ളൂ. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഞങ്ങൾ അത് പരിശോധിക്കുകയാണ്"- വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.


