മരിച്ച പൗരന്മാരുടെ ഓര്‍മ്മയ്ക്കായി അമേരിക്കൻ പതാക പകുതി താഴ്ത്താൻ നിർദേശം
അതേ സമയം അമേരിക്കയിൽ കോവിഡ് 19 വ്യാപനം ശരവേഗത്തിൽ. ദിനംപ്രതി പതിനായിരക്കണക്കിന് അളുകൾക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
വാഷിങ്ടൺ ഡി.സി: കോവിഡ് വൈറസ് ബാധിച്ച് മരിച്ച പൗരന്മാരുടെ ഓര്‍മ്മയ്ക്കായി അമേരിക്കൻ പതാക പകുതി താഴ്ത്താൻ നിർദേശം. ഫെഡറൽ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകളാണ് വരുന്ന മൂന്നു ദിവസത്തേക്ക് താഴ്ത്തി കെട്ടുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പുരുഷ, വനിത സൈനികർക്ക് ആദരം അർപ്പിക്കുന്നതിന് വേണ്ടിയും അമേരിക്കൻ പതാക പകുതി താഴ്ത്തുമെന്ന് മറ്റൊരു ട്വീറ്റിൽ ട്രംപ് വ്യക്തമാക്കി.
അതേ സമയം അമേരിക്കയിൽ കോവിഡ് 19 വ്യാപനം ശരവേഗത്തിൽ. ദിനംപ്രതി പതിനായിരക്കണക്കിന് അളുകൾക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മാത്രം 25,574 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 16,18,297 ആയി ഉയർന്നു.
അമേരിക്കയിൽ കോവിഡ് മരണം 96,000 കടന്നു. വ്യാഴാഴ്ച 1,270 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 96,206 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 3,81,677 പേരാണ് രോഗമുക്തി നേടിയത്. 11,40,414 പേർ ഇപ്പോഴും ചികിത്സയിലാണ്.
അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 28,867 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,66,217 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (10,848), മിഷിഗൻ (5,129), മാസച്യുസെറ്റ്സ് (6,148), ഇല്ലിനോയി (4,607), കണക്ടിക്കട്ട് (3,582), പെൻസിൽവാനിയ (4,917), കലിഫോർണിയ (3,616) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.