കൊവിഡ് മരണം അഞ്ച് ലക്ഷത്തിനടുത്ത്, രോഗബാധിതര്‍ ഒരു കോടിയിലേക്ക്
44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംഖ്യ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 4.95 ലക്ഷം കടന്നു. കൊവിഡ് ബാധിച്ചവരുടെ എണ്ണം 98.93 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ആയിരത്തിലധികം മരണം ബ്രസീലിലാണ്. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ അന്റോണി ഫൗസി വ്യക്തമാക്കി. വ്യാപനം ശക്തമായതോടെ തുറക്കല്‍ പദ്ധതികളില്‍ നിന്ന് ചില സ്റ്റേറ്റുകള്‍ പിന്മാറി.
അമേരിക്കയില്‍ ഇതുവരെ 1,27, 640 പേര്‍ മരിച്ചു. ബ്രസീലില്‍ 56109 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതതരായത്. ഇന്നലെ മാത്രം 17,296 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,301 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ആകെ രോഗബാധിതരിൽ 2,85,637 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,89,463 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. രോഗമുക്തി നിരക്ക് നിലവിൽ 58.24 ശതമാനമായി ഉയർന്നു.