അമേരിക്കയിലും ബ്രസീലിലും കൊവിഡ് തീവ്രം; ഇന്ത്യയിലും ആശങ്കയുടെ കണക്കുകള്‍, ഞെട്ടലോടെ മഹാരാഷ്‌ട്ര
ഇന്ത്യയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗികളുടെ എണ്ണം 8,75,000 കടന്നേക്കും.
വാഷിംഗ്‌ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,027,889 ആയി. രോഗം ബാധിച്ച് 5,71,076 പേർ ഇതുവരെ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 3885 പേരാണ് മരണമടഞ്ഞത്. ഇതേസമയം 1,90,000ത്തിലധികം പേർക്ക് കൂടി രോഗം ബാധിച്ചു. അമേരിക്കയിലെ പ്രതിദിന രോഗവർധന 55,000ത്തിലധികമാണ്. ആകെ 7,575,523 പേര്‍ നാളിതുവരെ രോഗമുക്തി നേടി എന്നും വേള്‍ഡോ മീറ്ററിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 3,413,995 എത്തി. 58,349 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. 380 പേര്‍ കൂടി മരിച്ചതോടെ ഇവിടെ മരണസംഖ്യം 137,782 ആയി. രോഗബാധയില്‍ രണ്ടാമതുള്ള ബ്രസീലില്‍ 25,364 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1,866,176 ആയി. ബ്രസീലില്‍ 72,151 പേരാണ് നാളിതുവരെ മരണത്തിന് കീഴടങ്ങിയത്. ഇരുപത്തിനാല് മണിക്കൂറിനിടെ 659 പേര്‍ മരിച്ചതായാണ് കണക്ക്.
ഇന്ത്യയിലും തീവ്രം, ഞെട്ടലോടെ മഹാരാഷ്‌ട്ര
അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗികളുടെ എണ്ണം 8,75,000 കടന്നേക്കും. മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 2,50,000 കടന്നു. 7,827 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. കർണ്ണാടക, ഉത്തർപ്രദേശ്, ആന്ധപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്തതു.
പശ്ചിമ ബംഗാളിൽ ആകെ കൊവിഡ് കേസുകൾ 30,000 കടന്നു. അതേസമയം ദില്ലിയിൽ പ്രതിദിന രോഗബാധയിൽ കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,573 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28 ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ പ്രതിദിന രോഗബാധ രണ്ടായിരത്തിൽ താഴെയെത്തിയത്.