കുപ്രസിദ്ധ പാർട്ടി നഗരത്തിൽ വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം, ബക്കറ്റ് ബിയറും ഫ്രീ ഷോട്ടുകളും സംശയനിഴലിൽ
വിനോദ സഞ്ചാരികൾക്ക് സൌജന്യമായ നൽകിയ വോഡ്കയിൽ മെഥനോൾ കലർന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് ഹോട്ടൽ അധികൃതരുടെ പ്രതികരണം
വാംഗ് വിയേംഗ്: ബാക്ക് പാക്ക് ട്രിപ്പിന് ഊർജ്ജമാകാൻ നൽകിയ പ്രാദേശിക മദ്യം ചതിച്ചു. ലാവോസിൽ വിഷമദ്യം കഴിച്ച് മരിച്ചത് ആറ് വിദേശ വിനോദ സഞ്ചാരികൾ. ലാവോസിലെ വാംഗ് വിയേംഗിലെ ഹോട്ടലിൽ നിന്ന് ആതിഥ്യ മര്യാദയുടെ പേരിൽ നൽകിയ ലാവോ വോഡ്കയിലെ മെഥനോൾ സാന്നിധ്യമാണ് വിദേശ വിനോദ സഞ്ചാരികളുടെ മരണത്തിന് കാരണമായത്. നവംബർ 12നാണ് സഞ്ചാരികൾക്ക് ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് സൌജന്യമായി മദ്യം നൽകിയത്.
സംഭവത്തിൽ മദ്യത്തിൽ മെഥനോൾ കലർന്നത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നാണ് ഹോട്ടൽ മാനേജർ വിശദമാക്കുന്നത്. നൂറിലേറെ അതിഥികൾക്ക് മദ്യം നൽകിയതായാണ് ഹോട്ടൽ മാനേജർ വിശദമാക്കുന്നത്. നാം സോംഗ് നദിയെ ചുറ്റിയുള്ള ചുണ്ണാമ്പ് കല്ലുകൾ കൊണ്ടുള്ള മലകളും നെൽപാടങ്ങൾക്കും ഏറെ പേരുകേട്ടതാണ് വാംഗ് വിയേംഗ്. എന്നാൽ പാർട്ടി നഗരമെന്ന കുപ്രസിദ്ധിയും വാംഗ് വിയേംഗിനുണ്ട്. ലാവോസിന്റെ തലസ്ഥാനമായ വിയന്റിയനിൽ നിന്ന് നാല് മണിക്കൂർ ബസ് യാത്രയാണ് വാംഗ് വിയേംഗിലേക്കുള്ളത്. തായ്ലാൻഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം അതിർത്തിയോട് ചേർന്നാണ് ഇവിടമുള്ളത്.
പത്ത് യൂറോ(ഏകദേശം 879 രൂപ)ക്കാണ് ഇവിടെ ഹോട്ടലുകൾ താമസ സൌകര്യം വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം സൌജന്യ മദ്യവും അഞ്ച് യൂറോയ്ക്ക് ബക്കറ്റ് ബിയറും ഇവിടെ ലഭിക്കാറുണ്ട്. മയക്കുമരുന്നുകളായ കഞ്ചാവും മാജിക് മഷ്റൂം എന്നിവ ഉൾപ്പെടെ വളരെ എളുപ്പം തന്നെ ലഭിക്കുന്നതുമാണ് വാംഗ് വിയേംഗിനെ കുപ്രസിദ്ധ പാർട്ടി നഗരമാക്കി മാറ്റുന്നത്. മയക്കുമരുന്നിന്റെ ലഭ്യത വളരെ തുറന്ന രീതിയിൽ ഇവിടെ പരസ്യം ചെയ്യാറും പതിവാണ്. 2000ത്തിന്റെ ആദ്യത്തിലും 2010ലും മദ്യത്തിന്റേയും ലഹരിയുടെ ഹാംഗ് ഓവറിലും നദിയിൽ റാഫ്റ്റിംഗിനിറങ്ങിയ വിദേശ സഞ്ചാരികളിൽ നിരവധിപ്പേർ മരണപ്പെട്ടതോടെ സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ ശക്തമായിരുന്നു. ഇതിന് പിന്നാലെ നദിയിലെ സാഹസിക റൈഡുകളിൽ സഞ്ചാരികളുടെ അപകട മരണം കുറഞ്ഞിരുന്നു.
ഇക്കോ ടൂറിസത്തിൽ ഊന്നിയുള്ള വിനോദസഞ്ചാരത്തിന് മേഖലയിൽ പ്രാധാന്യവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രശസ്തിയിലേക്ക് എത്തുന്നതിനിടയിലാണ് ഇവിടെ മദ്യ ദുരന്തമുണ്ടാകുന്നത്. തെക്ക് കിഴക്കൻ ഏഷ്യയിൽ മെഥനോൾ കലർന്ന മദ്യത്തിന് കുപ്രസിദ്ധി നേടിയ മേഖലയാണ്. വൻ വിലക്കുറവിൽ മദ്യം നിർമ്മിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മെഥനോളിന്റെ അളവ് കൃത്യമായി പാലിക്കാൻ പ്രാദേശിക മദ്യ നിർമ്മാതാക്കളും ശ്രദ്ധിക്കാറില്ലെന്നതാണ് നിലവിലെ സംഭവം നൽകുന്ന സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം