പാഴ്ത്തടിയുപയോഗിച്ച് കൈകഴുകല്‍ യന്ത്രം; ഒന്‍പത് വയസുള്ള കെനിയന്‍ ബാലന് പുരസ്കാരം
പാഴായി കിടന്ന മരത്തടികളുപയോഗിച്ച് മകന്‍ ഉണ്ടാക്കിയ മോഡലിന് ചെറിയ ഒരു സ്ഥിരതക്കുറവ് ഉണ്ടായിരുന്നു. അത് മാറ്റാനുള്ള സഹായം താന്‍ നല്‍കിയെന്നും സ്റ്റീഫന്‍റെ പിതാവ്
കെനിയ: ചെറിയ ടാങ്കും ആണികളും മരത്തടിയുമുപയോഗിച്ച് സെമി ഓട്ടോമാറ്റിക് കൈകഴുകല്‍ യന്ത്രം നിര്‍മ്മിച്ച ഒന്‍പത് വയസുകാരന് കെനിയയിലെ പ്രസിഡന്‍റിന്‍റെ പുരസ്കാരം. രാജ്യത്ത് കൊവിഡ് വ്യാപനം തടയാനാണ് കൈകഴുകുന്നതിനുള്ള യന്ത്രമെന്നാണ് സ്റ്റീഫന്‍ വാമുകോട്ട പറയുന്നത്. പശ്ചിമ കെനിയയിലെ ബംഗോമയില്‍ നിന്നാണ് ഈ കൊച്ച് മിടുക്കന്‍ വരുന്നത്.
പ്രാദേശിക ചാനലുകളില്‍ കൊവിഡ് വ്യാപനം തടയാനുള്ള മാര്‍ഗങ്ങളേക്കുറിച്ച് അറിയിപ്പുകള്‍ വന്നതോടെയാണ് മകന്‍ ഇത്തരമൊരു ആശയവുമായി എത്തിയതെന്ന് സ്റ്റീഫന്‍റെ പിതാവ് ജെയിംസ് സിഎന്‍എന്നിനോട് പ്രതികരിച്ചത്. രാജ്യത്തെ കൊവിഡ് 19 വ്യാപനത്തേക്കുറിച്ച് അറിയിപ്പ് നല്‍കിയപ്പോള്‍ കെനിയന്‍ പ്രസിഡന്‍റ് ഉഹ്റും കെനിയാട്ട ഇടയ്ക്കിടെ കൈകഴുകുന്നതിനേക്കുറിച്ച് പറഞ്ഞിരുന്നു. ഇതോടെയാണ് കൈകഴുകല്‍ എളുപ്പമാക്കാനുള്ള വഴിയുമായി സ്റ്റീഫന്‍ എത്തിയത്.
പാഴായി കിടന്ന മരത്തടികളുപയോഗിച്ച് മകന്‍ ഉണ്ടാക്കിയ മോഡലിന് ചെറിയ ഒരു സ്ഥിരതക്കുറവ് ഉണ്ടായിരുന്നു. അത് മാറ്റാനുള്ള സഹായം താന്‍ നല്‍കിയെന്നും സ്റ്റീഫന്‍റെ പിതാവ് പറയുന്നു. മകന്‍റെ ചിന്ത അത്ഭുതപ്പെടുത്തിയെന്നും ജെയിംസ് പറഞ്ഞു. സ്റ്റീഫന്‍ അടക്കം 68 പേര്‍ക്കാണ് കെനിയന്‍ പ്രസിഡന്‍റിന്‍റെ അവാര്‍ഡ് ലഭിച്ചത്. രണ്ട് പെഡലുകള്‍ ഉപയോഗിച്ചാണ് കൈകഴുകല്‍ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം. കരസ്പര്‍ശമുണ്ടാകാതെ കൈ സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകാമെന്നതാണ് യന്ത്രത്തിന്‍റെ പ്രത്യേകത. ഭാവിയില്‍ ഒരു എന്‍ജിനിയറാകണമെന്നുള്ള സ്റ്റീഫന്‍റെ സ്വപ്നത്തിന് ചിറക് നല്‍കുന്നതാണ് പ്രസിഡന്‍റിന്‍റെ പുരസ്കാരമെന്ന് ഈ മിടുക്കന്‍ പറയുന്നു.