വിമാനത്തിൽ ഉറക്കത്തിനിടെ വിദ്യാർത്ഥി സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചു, കേസ്
സിവിൽ ഏവിയേഷൻ നിയമമനുസരിച്ച് യാത്രക്കാരന്റെ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിക്ക് അയാൾ വിധേയനാകും.
ദില്ലി: വിമാനത്തിൽ സഹയാത്രികന്റെ മേൽ വിദ്യാർത്ഥി മൂത്രമൊഴിച്ചു. ന്യൂയോർക്ക്-ദില്ലി അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനാണ് അടുത്തിരിക്കുന്നയാളുടെ മേൽ മൂത്രമൊഴിച്ചത്. ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട വിമാനം ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രിയാണ് ന്യൂയോർക്കിൽ നിന്ന് വിമാനം പുറപ്പെട്ടത്. ശനിയാഴ്ച്ച രാത്രി പത്തോടു കൂടിയാണ് വിമാനം ദില്ലിയിൽ എത്തേണ്ടിയിരുന്നത്. വിമാനം ഇറങ്ങുന്നതിന് മുമ്പാണ് സംഭവം. ഈ വിദ്യാർത്ഥി മദ്യപിച്ചിരുന്നതായി എയർലൈൻസ് ജീവനക്കാർ പറയുന്നു.
.ഉറക്കത്തിൽ വിദ്യാർത്ഥി മൂത്രമൊഴിക്കുകയായിരുന്നുവെന്നും, സഹയാത്രികന്റെ മേൽ വീഴുകയുമായിരുന്നു എന്നുമാണ് എയർലൈൻസ് ജീവനക്കാർ നൽകുന്ന വിവരം. എന്നാൽ യാത്രക്കാരൻ ഇത് ജീവനക്കാരെ അറിയിച്ചു. അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ് ഇയാൾ.
എന്നാൽ സംഭവത്തിൽ വിദ്യാർത്ഥി ക്ഷമാപണവുമായി രംഗത്തെത്തി. വിദ്യാർത്ഥിയുടെ ക്ഷമാപണം കണക്കിലെടുത്ത് പൊലീസിൽ പരാതിപ്പെടുന്നതിൽ നിന്നും പരാതിക്കാരൻ പിൻമാറുകയായിരുന്നു. അതേസമയം, എയർലൈൻ ഇത് ഗൗരവമായി എടുക്കുകയും വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വിമാനം ഇറങ്ങിയ ഉടൻ സുരക്ഷാസേനയെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു. ബന്ധപ്പെട്ടവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സിവിൽ ഏവിയേഷൻ നിയമമനുസരിച്ച് യാത്രക്കാരന്റെ മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിക്ക് അയാൾ വിധേയനാകും. കൂടാതെ കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് ഒരു നിശ്ചിത സമയത്തേക്ക് വിമാനത്തിൽ നിന്ന് വിലക്കാനും നിയമമമുണ്ട്. മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ സംഭവമാണ് ഇങ്ങനെയുണ്ടാവുന്നത്. നേരത്തേയും യാത്രക്കാരന്റെ മേൽ മൂത്രമൊഴിച്ചത് വലിയ വാർത്തയായിരുന്നു.
നവംബർ 26 നായിരുന്നു സംഭവം. ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. അതിൽ ശങ്കർ മിശ്ര എന്നയാൾ പ്രായമായ സ്ത്രീയുടെ മേൽ മദ്യപിച്ച് മൂത്രമൊഴിച്ചെന്നായിരുന്നു ആരോപണം. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മാധ്യമങ്ങളിലൂടെ വിവരം പുറത്തറിയുന്നത്. അതിനുശേഷം കേസെടുക്കുകയും മിശ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യാത്തതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) 30 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കൂടാതെ മിശ്രയെ നാലു മാസത്തേക്ക് വിമാനയാത്രയിൽ നിന്ന് വിലക്കുകയും ചെയ്തു.