'അമ്മയെ മമ്മിയെന്ന് വിളിക്കരുത് ' , മാതൃഭാഷയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി വെങ്കയ്യ നായിഡു
ദില്ലി: മാതൃഭാഷയില്‍ സംസാരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു. സംഗീത ഇതിഹാസം എം എസ് സുബ്ബുലക്ഷ്മിയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദില്ലിയില്‍ നടന്ന ചടങ്ങിലാണ് മാതൃഭാഷ മറക്കരുതെന്ന് വെങ്കയ്യ നായിഡു ജനങ്ങളെ ഓര്‍മ്മിപ്പിച്ചത്.
വിദേശിയരോട് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സ്വന്തം മാതാവിനെ അഭിസംബോധന ചെയ്യാനായി മമ്മി എന്ന വാക്കുപയോഗിക്കുന്നത് നല്ലതല്ലെന്നുമാണ് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്. മനോഹരമായ വാക്കായ 'അമ്മ' ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്നും എന്നാല്‍ ചുണ്ടില്‍ നിന്നാണ് 'മമ്മി' വരുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
കേന്ദ്ര മന്ത്രിയായിരുന്ന വെങ്കയ്യ നായിഡു ഈ വര്‍ഷമാദ്യമാണ് രാഷ്ട്ര ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞത്. രാജ്യത്ത് ഭുരിഭാഗം ജനങ്ങള്‍ ഉപയോഗിക്കുന്നത് ഹിന്ദിയാണെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ വാദം. ഇംഗ്ലീഷിന് അമിതപ്രാധാന്യം കൊടുക്കുന്നതിനെതിരെ സംസാരിച്ച വെങ്കയ്യ നായിഡു മാതൃഭാഷയ്ക്ക് കൊടുക്കേണ്ട പ്രാധാന്യത്തെ കുറിച്ചും പറഞ്ഞിരുന്നു.
മാതാവിനെയും, മാതൃരാജ്യത്തെയും, മാതൃഭാഷയെയും മറക്കരുതെന്ന് ഞാനെപ്പോഴും ജനങ്ങളോട് പറയുമെന്നും ഇവ മറക്കുന്നവരെ മനുഷ്യരെന്ന് വിളിക്കാന്‍ കഴിയില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന മാതൃഭാഷയെ ബഹുമാനിക്കാനും തന്റെ പ്രസംഗത്തില്‍ വെങ്കയ്യ നായിഡു പറയുന്നുണ്ട്.