ലംഖിപുർ കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ റിമാൻഡിൽ, അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി നാളെ വാദം കേൾക്കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പൊലീസ് കോടതിയോട് വ്യക്തമാക്കി.

lakhimpur kheri violence ministers son ashish mishra remanded

ദില്ലി: ലഖിംപുരിൽ (Lakhimpur) കർഷകരെ വാഹനമിടിച്ച് കൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര (Asish Mishra) റിമാൻഡിൽ. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡി വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി നാളെ വാദം കേൾക്കും. ആശിഷ് മിശ്ര ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പൊലീസ് കോടതിയോട് വ്യക്തമാക്കി.

മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷ് മിശ്രയ്ക്ക് കുരുക്കിയത്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ട് പൊളിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കര്‍ഷകരും. അജയ് മിശ്രയ്ക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു. അതേസമയം ആശിഷ് മിശ്രയുടെ അറസ്റ്റ് പ്രതിപക്ഷ സമ്മർദ്ദത്തിന്‍റെ വിജയമെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.

അറസ്റ്റ് 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷം

രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചത്. പൊലീസ് വലയത്തിൽ, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കൽ, ക്രിമിനൽ ​ഗൂഢാലോചനയടക്കം എട്ട് ​ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര പറയുന്നത്. ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. താൻ ​ഗുസ്തിമത്സരം നടക്കുന്നിടത്താണെന്ന് തെളിയിക്കുന്ന വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു. 

അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം

അതേസമയം, ആശിഷിന്റെ പിതാവായ  മന്ത്രി അജയ് മിശ്ര രാജിവെക്കാതെ  ലഖിംപുർ സംഭവത്തിലെ ഇരകൾക്ക് നീതി ഉറപ്പാകില്ലെന്ന് പ്രിയങ്കാ ​ ഗാന്ധി അഭിപ്രായപ്പെട്ടു. ആശിഷ് മിശ്ര കീഴടങ്ങിയതോടെ  അജയ് മിശ്രയുടെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. അജയ്മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ലഖിംപുർ ഖേരിയിൽ 12ന് കർഷകസംഘടനകൾ മാർച്ച് നടത്തും. 
പ്രതിപക്ഷ സമ്മർദ്ദത്തിൻറെയും കോടതി ഇടപെടലിൻറെയും ഫലമായാണ് ആശിഷ് മിശ്ര ഒടുവിൽ കീഴടങ്ങിയത്.  തല്ക്കാലം അജയ് മിശ്രയുടെ രാജി വേണ്ടെന്ന നിലപാടിൽ ബിജെപി ഉറച്ചു നില്ക്കുകയാണ്. എന്തുകൊണ്ട് അഖിലേഷ് യാദവ് മരിച്ച ബ്രാഹ്മണ സമുദായ അംഗങളുടെ വീട്ടിൽ പോയില്ലെന്ന യോഗി ആദിത്യനാഥിൻറെ ചോദ്യം ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കത്തിൻറെ സൂചനയായി. 

Latest Videos
Follow Us:
Download App:
  • android
  • ios