രാജ്യത്ത് 24 മണിക്കൂറിനിടെ 40 മരണം; രോഗബാധിതരുടെ എണ്ണം 7447 ആയി
643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 40 പേര്‍ രോഗബാധിതരായി മരിച്ചെന്ന ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. പുതിയതായി 1035 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തതോടെ രോഗബാധിതരുടെ എണ്ണം 7447 ആയി. 643 പേര്‍ക്ക് രോഗംഭേദമായെന്ന ആശ്വാസ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്‍റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം, നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.