രാഹുൽഗാന്ധിയുടെ ആലിംഗനവും കണ്ണിറുക്കലും; ഫ്രീ ഹഗ് ക്യാംപയിൻ സംഘടിപ്പിച്ച് കോൺഗ്രസ്
- 'വെറുപ്പ് തുടച്ചുനീക്കു', 'രാജ്യത്തെ രക്ഷിക്കൂ'
- ഫ്രീ ഹഗ് ക്യാംപയിനുമായി കോണ്‍ഗ്രസ്
ദില്ലി: ലോകസഭയിലെ രാഹുൽഗാന്ധിയുടെ ആലിംഗനത്തിനും കണ്ണിറുക്കലിനുംശേഷം ഫ്രീ ഹഗ് ക്യാംപയിൻ സംഘടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ. ദില്ലിയിലെ കോണറ്റ് പ്ലേസിൽവച്ചാണ് പ്രവർത്തകർ ക്യാംപയിൻ ആരംഭിച്ചത്. 'വെറുപ്പ് തുടച്ചുനീക്കു', 'രാജ്യത്തെ രക്ഷിക്കൂ' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രവർത്തകർ ക്യാംപയിൻ നടത്തുന്നത്.
ലോക് സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ നരേന്ദ്ര മോദി സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിക്കും മോദി സർക്കാരിനെതിരെയും ശക്തമായ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. എന്നാൽ മോദിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് ശേഷം രാഹുൽ ഗാന്ധി മോദിയെ ആലിംഗനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
'ഞാൻ ഇത്രയും നേരം നിങ്ങളെ വിമർശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്‍റേത് കോൺഗ്രസ് സംസ്കാരമാണെന്നും' പറഞ്ഞ് രാഹുൽ പ്രസംഗം അവസാനിപ്പിച്ച് മോദിയുടെ സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയായിരുന്നു. എന്നാൽ രാഹുലിന്‍റെ നീക്കത്തിൽ സ്തംഭിച്ചുപോയ മോദി മടങ്ങാൻ ഒരുങ്ങിയ രാഹുലിനെ തിരികെ വിളിച്ച് കൈ നൽകി. തുടർന്ന് സീറ്റിലിരുന്നതിന് ശേഷം രാഹുൽ ഗാന്ധി സഹപ്രവർത്തകനെ നോക്കി കണ്ണിറുക്കുന്ന രംഗവുമൊക്കെ വൈറലായിരുന്നു. അതേസമയം രാഹുലിന്റെ കെട്ടിപ്പിടിത്തവും കണ്ണിറുക്കലുമെല്ലാം അഭിനന്ദനങ്ങൾക്കും വിമർശനങ്ങൾക്കും ഒരുപോലെ വഴിയൊരുക്കി.
ലോകസഭയിലെ സംഭവത്തിനുശേഷം രാഹുൽഗാന്ധി മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ മുംബൈ തെരുവുകളിൽ പതിപ്പിച്ചിരുന്നു. നാം സ്നേഹംകൊണ്ട് ജയിക്കും, വെറുപ്പുകൊണ്ടല്ല എന്നായിരുന്നു ചിത്രങ്ങളിലെ മുദ്രാവാക്യം. എന്നാൽ ലോകസഭയിൽ രാഹുൽഗാന്ധി ചിപ്കോ പ്രസ്ഥാനം ആരംഭിച്ചിരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ വിമർശനം.