സ്വന്തം ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായി, എന്നിട്ടും ആളിപ്പടരുന്ന തീ വകവെയ്ക്കാതെ യുവാവ് രക്ഷിച്ചത് 7 കുഞ്ഞുങ്ങളെ
സ്വന്തം കുഞ്ഞുങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് രക്ഷിക്കാനല്ല യുവാവ് ശ്രമിച്ചത്. കണ്‍മുന്നിൽക്കണ്ട കുഞ്ഞുങ്ങളെ മുഴുവൻ പുറത്തെത്തിക്കുകയായിരുന്നു.
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീ ആളിപ്പടർന്നപ്പോൾ യാക്കൂബ് മൻസൂരി എന്ന യുവാവ് തീയിലേക്ക് എടുത്തുചാടി രക്ഷിച്ചത് ഏഴ് കുഞ്ഞുങ്ങളെയാണ്. ആ തീപിടിത്തത്തിൽ യാക്കൂബിന്‍റെ ഇരട്ടക്കുഞ്ഞുങ്ങൾ വെന്തുമരിച്ചു. ആ രാത്രിയിൽ അച്ഛനെന്ന നിലയിൽ താൻ അനുഭവിച്ച നിസ്സഹായത ഓർത്ത് ഇനിയുള്ള കാലം നീറിക്കഴിയേണ്ടി വരുമെന്ന് യാക്കൂബ് കണ്ണീരോടെ പറഞ്ഞു.
ദുരന്തമുണ്ടായ വെള്ളിയാഴ്‌ച രാത്രി ഝാൻസി മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് ഉറങ്ങുകയായിരുന്നു യാക്കൂബ് മൻസൂരി. അവിടെ അദ്ദേഹത്തിന്‍റെ ഇരട്ടക്കുട്ടികളായ പെണ്‍കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ നസ്മയ്‌ക്കൊപ്പം യാക്കൂബ് കുഞ്ഞുങ്ങൾക്ക് കാവലിരുന്നു. പൊടുന്നനെയാണ് കുഞ്ഞുങ്ങളുടെ ഐസിയുവിൽ തീ ആളിപ്പരുന്നത് കണ്ടത്.
സ്വന്തം സുരക്ഷയൊന്നും നോക്കാതെ ജനൽ തകർത്ത് ഉള്ളിൽ പ്രവേശിച്ച് കയ്യിൽ കിട്ടിയ കുഞ്ഞുങ്ങളുമായി യാക്കൂബ് പുറത്തേക്ക് ഓടി. അങ്ങനെ ഏഴ് കുഞ്ഞുങ്ങളെ അദ്ദേഹം പുറത്തെത്തിച്ചു, സ്വന്തം കുഞ്ഞുങ്ങളെ തെരഞ്ഞുപിടിച്ച് രക്ഷിക്കാനല്ല അദ്ദേഹം ശ്രമിച്ചത്. ഓരോ കുഞ്ഞുജീവനും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ യാക്കൂബ് കണ്‍മുന്നിൽക്കണ്ട കുഞ്ഞുങ്ങളെ മുഴുവൻ പുറത്തെത്തിക്കുകയായിരുന്നു.
എന്നാൽ യാക്കൂബ് രക്ഷിച്ച കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്‍റെ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. ആ കുഞ്ഞുങ്ങളുടെ ജീവൻ തീപിടിത്തത്തിൽ പൊലിഞ്ഞു. അടുത്ത ദിവസമാണ് കുഞ്ഞുങ്ങളുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അതുവരെ ആശുപത്രിക്ക് പുറത്ത് നിറകണ്ണുകളോടെ യാക്കൂബും ഭാര്യയുമിരുന്നു. മക്കളെ കിടത്തിയിരുന്ന വാർഡിൽ തീ ആളിപ്പടർന്നതിനാൽ പ്രവേശിക്കാനായില്ലെന്ന് യാക്കൂബ് പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രിയാണ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ഐ സി യുവില്‍ തീപിടിത്തമുണ്ടായത്. 54 കുഞ്ഞുങ്ങളാണ് ഐ സി യുവില്‍ ഉണ്ടായിരുന്നത്. 10 കുഞ്ഞുങ്ങൾ തീപിടിത്തത്തില്‍ വെന്തുമരിച്ചു. 16 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. 10 കുട്ടികളെ മാത്രം കിടത്താന്‍ സൗകര്യമുള്ള ഐസിയുവിലാണ് അമ്പതിലധികം കുട്ടികളെ കിടത്തിയതെന്ന് യു പി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. തീപിടിത്ത സമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് ദൃക്സാക്ഷികളും വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനിരിക്കെയാണ് അപകടമുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംഭവത്തിന് പിന്നാലെ യുപി സര്‍ക്കാര്‍ നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ആരോഗ്യ വകുപ്പിന്‍റെ കെടുകാര്യസ്ഥതയാണ് അപകട കാരണമെന്ന് ആരോപിച്ച പ്രതിപക്ഷം, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം