മധ്യപ്രദേശിൽ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. 14 പേർ മരിച്ചു. ഗ്വാളിയാറിലെ ശീതല മാത ക്ഷേത്രത്തിന് സമീപമാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പൊലീസ് ചെക്ക് പോയ്ൻ്റ് തകർത്ത് തീർത്ഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഗ്വാളിയാർ: മധ്യപ്രദേശിൽ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 14 മരണം. ഗ്വാളിയാറിലെ ശീതല മാതാ ക്ഷേത്രത്തിന് സമീപം നിന്നവർക്ക് ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും 10 പുരുഷന്മാരുമാണ് മരിച്ചത്. രണ്ട് പൊലീസുകാരടക്കം 40 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ആറുപേരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ധനസഹായം പ്രഖ്യാപിച്ചു.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് സംഭവം. നെല്ല് കയറ്റിവരികയായിരുന്ന ട്രക്ക് കുത്തനെ ഉള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും പൊലീസ് ചെക്ക് പോയ്ൻ്റ് തകർത്ത് തീർത്ഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. അപകടത്തിൽ ക്ഷേത്രത്തിൻ്റെ ഗേറ്റും ചുറ്റുമതിലും തകർന്നു. ഉടൻതന്നെ ആംബുലൻസ് അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള മേഖലയിലൂടെ ആണ് ട്രക്ക് കടന്നുവന്നതെന്നും അപകടത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാർക്ക് പരിക്കേറ്റുവെന്നും ഗ്വാളിയാർ എസ്എസ്പി ധർമ്മവീർ സിങ് പറഞ്ഞു. പരിക്കുകളോടെ 39 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇതിൽ 12 പേർ മരണപ്പെട്ടുവെന്നും എസ്എസ്പി അറിയിച്ചു. ആറോളം പേരുടെ പരിക്ക് ഗുരുതരമാണെന്നും മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗ്വാളിയാർ കളക്ടർ രുചിക ചൗഹാൻ അറിയിച്ചു. ബാരിക്കേഡുകളും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പൊലീസ് ചെക്ക് പോയ്ൻ്റും മറികടന്ന് ട്രക്ക് എത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരും ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.


