ജില്ലാ സന്ദര്‍ശനത്തിനിടയില്‍ ആഡംബര ഭക്ഷണം വേണ്ട; മാതൃകയായി തമിഴ്നാട് ചീഫ് സെക്രട്ടറി
ലഘുവായ പ്രഭാതഭക്ഷണവും അത്താഴവും പച്ചക്കറി മീല്‍സും മതിയെന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി വിശദമാക്കിയത്. അതിലും കൂടിയ ഒരുക്കളുടെ ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി
ജില്ലകളില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ആഡംബര ഭക്ഷണം വേണ്ടെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി വി ഇരൈ അന്‍പ്. ജില്ലകളിലെ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് ആഡംബരമായി ഭക്ഷണം തയ്യാറാക്കുന്ന രീതിക്ക് മാറ്റം ആവശ്യപ്പെട്ടാണ് തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. ലഘുവായ പ്രഭാതഭക്ഷണവും അത്താഴവും പച്ചക്കറി മീല്‍സും മതിയെന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി വിശദമാക്കിയത്.
അതിലും കൂടിയ ഒരുക്കങ്ങളുടെ ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. തനിക്ക് വലിയ രീതിയിലുള്ള ആഡംബര ഭക്ഷണത്തോട് താല്‍പര്യമില്ലെന്നും വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. കൊവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായുള്ള യോഗങ്ങള്‍ക്കായി വിവിധ ജില്ലാ സന്ദര്‍ശനം നടക്കുന്നതിന്‍റെ ഭാഗമായാണ് തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
1963 ജൂണ്‍ 16 ന് ജനിച്ച ഇരൈ അന്‍പ് കൃഷി, സാഹിത്യം, സൈക്കോളജി, അഡ്മിനിസ്ട്രേഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള വ്യക്തിയാണ്. 1980ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 227ാം റാങ്കുകാരനായിരുന്ന ഇരൈ അന്‍പ് രണ്ടാമത്തെ ശ്രമത്തില്‍ 15ാം റാങ്ക് നേടിയിരുന്നു. നാഗപട്ടണത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ പേരെടുത്ത ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇരൈ അന്‍പ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona