പോർഷെ ഇടിച്ച് ബൈക്ക് യാത്രികർ മരിച്ച സംഭവം; 'പ്രബന്ധം എഴുതണം, കൗൺസിലിങ്'; കൗമാരക്കാരനായ പ്രതിക്ക് ജാമ്യം
പ്രതിയായ കൗമാരക്കാരൻ 15 ദിവസം യെർവാഡയിൽ ട്രാഫിക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം, അപകടത്തെ കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു.
പൂനെ: പൂനെയിൽ അമിത വേഗതയിലെത്തിയ പോർഷെ കാറിടിച്ച് ബൈക്ക് യാത്രികർ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. കേസിൽ 17 വയസുകാരൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ കോടതി ജാമ്യം നൽകുകയായിരുന്നു. പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരു റെസ്റ്റോറൻ്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടെക്കികളായ സുഹൃത്തുക്കളാണ് അപകടത്തിൽ പെട്ടത്.
'പ്രായപൂർത്തിയാവാത്ത പ്രതി 15 ദിവസം യെർവാഡയിൽ ട്രാഫിക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം, അപകടത്തെ കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം'- എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു. അതേസമയം, കാറോടിച്ചിരുന്ന കുട്ടി മദ്യപിച്ചാണോ വാഹനമോടിച്ചതെന്ന് സ്ഥിരീകരിക്കാൻ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ രക്തസാമ്പിളുകൾ മെഡിക്കൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കേസിലെ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്നും 304 വകുപ്പ് പ്രകാരമുള്ള നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. ഇയാൾക്കെതിരെ ഐപിസിയിലെയും മോട്ടോർ വാഹന നിയമത്തിലെയും മറ്റ് വകുപ്പുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
കുട്ടിയുടെ പിതാവിനും കുട്ടിയ്ക്ക് മദ്യം നൽകിയ ബാറുകൾക്കുമെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പ്രതി അടുത്തിടെ പ്ലസ്ടു പരീക്ഷ പാസായെന്നും സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുണ്ഡ്‌വ പ്രദേശത്തെ ഒരു ബാറിലും പബ്ബിലും അവർ മദ്യം കഴിച്ചതായി സംശയിക്കുന്നുണ്ട്. ഇതിന് ശേഷം കാറിൽ വീട്ടിലേക്ക് പോവുകയായിരുന്നു. പോർഷെ കാർ അമിത വേഗത്തിലായിരുന്നു കുട്ടി ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കല്യാണി നഗർ ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട കാർ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ അനീഷും അശ്വിനിയും റോഡിൽ തെറിച്ചുവീണു മരിച്ചു.
പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാർ കാറോടിച്ചിരുന്ന കുട്ടിയെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളുൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. 'അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. പൊലീസുമായി സഹകരിക്കുന്നത് തുടരും. കോടതിയുടെ കർശന വ്യവസ്ഥകൾ പാലിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നത് തുടരുകയും അന്വേഷണത്തിൻ്റെ ഫലത്തിനായി കാത്തിരിക്കുകയും ചെയ്യുമെന്ന്' പ്രതിഭാഗം അഭിഭാഷകൻ പാട്ടീൽ പറഞ്ഞു.
ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാൻ പ്രാര്‍ത്ഥിക്കുന്നതായി ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ
https://www.youtube.com/watch?v=Ko18SgceYX8