Asianet News MalayalamAsianet News Malayalam

യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കൽ പഠനത്തിന്, 14ന് എകെജി ഭവനിൽ പൊതുദർശനം, പാർട്ടി പതാക താഴ്ത്തിക്കെട്ടി

അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നൽകുക. ഇന്ന് മൃതദേഹം എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും. രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു യെച്ചൂരി. ശ്വാസകോശ അണുബാധയെ തുടർന്നാണ് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. 

The body of CPM General Secretary Sitaram Yechury will be handed over to Delhi AIIMS Medical College for study
Author
First Published Sep 12, 2024, 4:33 PM IST | Last Updated Sep 12, 2024, 4:38 PM IST

ദില്ലി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിന് വിട്ടു നൽകും. 14ന് ദില്ലി എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കുമെന്നും സിപിഎം കേന്ദ്രങ്ങൾ അറിയിക്കുന്നു. അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നൽകുക. ഇന്ന് മൃതദേഹം എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും. രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു യെച്ചൂരി. ശ്വാസകോശ അണുബാധയെ തുടർന്നാണ് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. 

നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. മറ്റന്നാൾ രാവിലെ 9 മണി മുതൽ ഉച്ചവരെ പൊതു ദർശനം നടക്കും. ഉച്ചക്ക് ശേഷം എയിംസിലേക്ക് കൊണ്ടു പോകും. മരണവാർത്തയറിഞ്ഞ് പ്രകാശ് കാരാട്ട്, രാഘവലു തുടങ്ങിയ നേതാക്കൾ കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തിയിട്ടുണ്ട്. ഓഫീസിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടിയിട്ടുണ്ട്. 

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

അടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്ഐയുടെ ദേശീയ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്‍റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022-ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.

ലാൽസലാം കോമ്രേഡ്; സീതാറാം യെച്ചൂരി ഇനിയില്ല, വിട വാങ്ങിയത് പാർട്ടിയുടെ സൗമ്യ മുഖം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios