ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഡോക്ടറും 5 അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടു, അപലപിച്ച് മുഖ്യമന്ത്രി
ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഡോക്ടറടക്കം 6 പേര്‍ കൊല്ലപ്പെട്ടു. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്.
ദില്ലി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഡോക്ടറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരരുടെ വെടിയേറ്റ് എത്രപേര്‍ക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവന്നിട്ടില്ല. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.ആക്രമത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു.
സുപ്രധാന നിര്‍മാണ പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് നിധിൻ ഗഡ്കരി പറഞ്ഞു. മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും പരിക്കേറ്റവരുടെ ആരോഗ്യനില വേഗം മെച്ചപ്പെടാൻ പ്രാര്‍ത്ഥിക്കുകയാണെന്നും നിധിൻ ഗഡ്കിരി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തെ അപലപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി.