തരിഗാമിക്ക് മികച്ച വിജയം, തോൽപ്പിച്ചത് ജമാഅത്ത് ഇസ്ലാമി പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥിയെ
ജമാഅത്ത് ഇസ്ലാമിയുടെ തെരഞ്ഞെടുപ്പ് പ്രവേശനം ഇക്കുറി ഏറെ ശ്രദ്ധ നേടിയിരുന്നു. തരിഗാമിക്കെതിരെ ജമാഅത്ത് പിന്തുണയോടെ സായാർ അഹമ്മദ് റേഷിയായിരുന്നു മത്സരിച്ചത്.
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയുമായി സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമി. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് കുൽഗാമിൽ തരിഗാമി വിജയക്കൊടി പാറിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പേ മാധ്യമശ്രദ്ധ നേടിയ മണ്ഡലമായിരുന്നു കുൽഗാം. ജമാഅത്ത് പിന്തുണയോടെ സായാർ അഹമ്മദ് റേഷിയായിരുന്നു തരിഗാമിയുടെ മുഖ്യ എതിരാളി. മുസ്ലീം ഭൂരിപക്ഷ സീറ്റിൽ താൻ പരാജയപ്പെട്ടാൽ അത് ഇസ്ലാമിൻ്റെ പരാജയമാണെന്ന് ജമാഅത്ത് സ്ഥാനാർത്ഥി പറഞ്ഞത് വലിയ വിവാദമായിരുന്നു.
കുൽഗാമിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് വിജയമുറപ്പിച്ച ശേഷം തരിഗാമി പറഞ്ഞു. വോട്ടർമാരെ ധ്രുവീകരിക്കാനുള്ള ജമാഅത്തിൻ്റെ വിഫലമായെന്നും അക്രമത്തിനായി മതത്തെ കൂട്ടുപിടിക്കുന്ന ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ കോൺഫറൻസ് തരിഗാമിയെ പിന്തുണച്ചിരുന്നു. മണ്ഡലത്തിലെ പിഡിപി സ്ഥാനാർത്ഥി മൊഹമ്മദ് അമിൻ ദാർ മൂന്നാം സ്ഥാനത്തെത്തി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ജമാഅത്തെ ഇസ്ലാമി കശ്മീരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
Read More... ഫിനോഫ്തലിന്‍ പുരട്ടിയ നോട്ട് വാങ്ങി പോക്കറ്റിൽ തിരുകി എഎസ്ഐ; എസിബിയുടെ ചൂണ്ടയിൽ കൊളുത്തി, കയ്യോടെ അറസ്റ്റ്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ പരാജയപ്പെടുത്തിയ അവാമി ഇത്തിഹാദ് പാർട്ടി നേതാവ് റാഷിദ് എൻജിനീയർ ജമാഅത്തുമായി സഖ്യമുണ്ടാക്കിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ജമാഅത്ത് പിന്തുണച്ച 10 പേർ സ്വതന്ത്രരായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അവരിൽ ചിലർ പിന്നീട് പിന്മാറി.