'എനിക്ക് ചാരിനിൽക്കാനുള്ള അവസാന തോളും നഷ്ടപ്പെട്ടിരിക്കുന്നു'; വിങ്ങിപ്പൊട്ടി സ്റ്റാലിന്‍
എം. കരുണാനിധിയുടെ മരുമകനും മുൻ കേന്ദ്രമന്ത്രി മുരശൊലി മാരന്‍റെ സഹോദരനുമാണ് മുരശൊലി സെൽവം. വ്യാഴാഴ്ച രാവിലെയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുരശൊലി സെൽവൻ അന്തരിച്ചത്.
ചെന്നൈ: ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ മുൻ എഡിറ്ററും ബന്ധുവുമായ മുരശൊലി സെൽവന്‍റെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ഒപ്പമുണ്ടായിരുന്ന ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനാണ് ആശ്വസിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. അന്ത്യോപചാരം അമർപ്പിക്കാനെത്തിയ സ്റ്റാലിൻ, മൃതദേഹത്തിനരികിലെത്തിയപ്പോൾ വൈകാരികമാകുകയായിരുന്നു.
'എന്‍റെ പ്രിയ സഹോദരൻ മുർശൊലി സെൽവം, എന്‍റെ മാർഗദർശി, പ്രതിസന്ധി ഘട്ടങ്ങളിൽ ഉപദേശം നൽകി, പരിഹാരങ്ങൾ നിർദേശിച്ചു, സംഘടനക്കൊപ്പം വളർച്ചയിൽ തോളോടുതോൾ ചേർന്ന് നിന്നു. സെൽവത്തിന്റെ മരണത്തിൽ എനിക്ക് ചാരിനിൽക്കാനുള്ള അവസാന തോളും നഷ്ടപ്പെട്ടിരിക്കുന്നു -സ്റ്റാലിൻ അനുസ്മരിച്ചു'. എം. കരുണാനിധിയുടെ മരുമകനും മുൻ കേന്ദ്രമന്ത്രി മുരശൊലി മാരന്‍റെ സഹോദരനുമാണ് മുരശൊലി സെൽവം. വ്യാഴാഴ്ച രാവിലെയാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുരശൊലി സെൽവൻ അന്തരിച്ചത്. ബെംഗളൂരുവിലായിരുന്നു അന്ത്യം.