സോണിയ ഗാന്ധിയുടെ പുതിയ ഓർമക്കുറിപ്പിൽ ബിൽ ക്ലിൻ്റൺൻ്റെ പെരുമാറ്റത്തെയും തൻ്റെ ആദ്യ കുഞ്ഞിൻ്റെ വിയോഗത്തെയും കുറിച്ച് വൈകാരികമായി വിവരിക്കുന്നു. നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണെന്നും പാർട്ടി അധ്യക്ഷ സ്ഥാനം കൈമാറിയതിനെക്കുറിച്ചും പുസ്തകത്തിൽ തുറന്നെഴുതുന്നുണ്ട്.
ദില്ലി: ബിൽ ക്ലിൻ്റൺൻ്റെ പെരുമാറ്റത്തെ വിമർശിച്ച് സോണിയ ഗാന്ധി. 2000ൽ ഇന്ത്യ സന്ദർശനത്തിനിടെ നൽകിയ വിരുന്നിൽ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കുന്നത് കാണാമായിരുന്നുവെന്ന് സോണിയ ഓർമക്കുറിപ്പിൽ പറയുന്നു. മോണിക്ക- ലെവൻസ്കി വിവാദം ഏറെക്കുറെ അപ്പോഴേക്കും കെട്ടടങ്ങിയിരുന്നെങ്കിലും പഴയ ശീലം ക്ലിൻ്റൺ മറന്നിരുന്നില്ലെന്നും സോണിയ. തന്റെ ആദ്യ കുഞ്ഞിൻ്റെ ഓർമ്മയും സോണിയ ഗാന്ധി പങ്കുവയ്ക്കുന്നുണ്ട്. 1969 ലായിരുന്നു ആദ്യ കുഞ്ഞിന്റെ ജനനമെന്നും, ഒരു ദിവസം കഴിഞ്ഞപ്പോൾ ആൺ കുഞ്ഞ് മരിച്ചുവെന്നും ഓർമക്കുറിപ്പിൽ. മെഹ്‌റോളിയിലെ ഫാം ഹൗസിൽ രാജീവും സഞ്ജയ് യും ചേർന്നാണ് സംസ്കരിച്ചത്. ഇളം പിങ്ക് ബോഗൻ വില്ലയുടെ ചോട്ടിൽ ഉറങ്ങുന്ന കുഞ്ഞിനരികിൽ ഇപ്പോഴും പോകാറുണ്ടെന്നും സോണിയ ഗാന്ധി.
അതേ സമയം, നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്നും, ഒരു രൂപപോലും താനോ രാഹുല്‍ ഗാന്ധിയോ കൈപ്പറ്റിയിട്ടില്ലെന്നും സോണിയ ഗാന്ധിയുടെ തുറന്നെഴുത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബത്തിന് നല്‍കിയത് കൂട്ടായ തീരുമാനമായിരുന്നെന്നും ബിലോഗിംഗ് എ ജേര്‍ണി ഓഫ് ലവ് എന്ന ഓര്‍മ്മക്കുറിപ്പില്‍ സോണിയ ഗാന്ധി വെളിപ്പെടുത്തി. പ്രധാനമന്ത്രിയാകാനുള്ള പ്രണബ് മുഖര്‍ജിയുടെ താല്‍പര്യം തന്നെ അമ്പരപ്പിച്ചെന്ന സോണിയയുടെ പരാമര്‍ശത്തെ പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി ചോദ്യം ചെയ്തു.
ദിവസങ്ങളോളം ഇഡിയുടെ മുന്‍പിലിരുന്നത് വിവരിച്ചാണ് നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിചമച്ചതാണന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള ആയുധമാത്രമാണെന്നും സോണിയ പുസ്തകത്തില്‍ വിവരിക്കുന്നത്. സ്ഥാപനത്തെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ സ്വീകരിച്ച നടപടികളെല്ലാം നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. കണക്കുകളെല്ലാം കൃത്യമാണ്. മരുമകന്‍ റോബര്‍ട്ട് വദ്രയെ ക്രിമിനലായി ചിത്രീകരിക്കാനാണ് ശ്രമം. തെറ്റായ രേഖകള്‍ നല്‍കി മാധ്യമങ്ങളിലൂടെ 10 വര്‍ഷമായി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും സോണിയ ആരോപിച്ചു. അധികാരം ഒഴിയാന്‍ തയ്യാറല്ലെന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വന്നത്. അതോടെ താന്‍ സ്വതന്ത്രയായെന്നും സോണിയ ഗാന്ധി എഴുതുന്നു.














