'എന്ത് വിഡ്ഢിത്തമാണിത്? സോണിയയെ കുറിച്ചുള്ള ആരോപണം തെളിയിച്ചില്ലെങ്കിൽ നിയമ നടപടി': കങ്കണയ്ക്കെതിരെ കോണ്‍ഗ്രസ്

ഹിമാചൽ പ്രദേശ് സർക്കാർ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നൽകുന്നു എന്നാണ് കങ്കണയുടെ ആരോപണം. 

Show Evidence or Face Defamation Congress to Kangana Ranaut over Comments against Sonia Gandhi

ഷിംല: സോണിയ ഗാന്ധിയെ കുറിച്ചുള്ള നടിയും ബിജെപി എംപിയുമായ കങ്കണ റണൌട്ടിന്‍റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ഒന്നുകിൽ കങ്കണ ആരോപണം തെളിയിക്കണം, അല്ലെങ്കിൽ നിയമ നടപടി നേരിടാൻ തയ്യാറായിക്കോ എന്നാണ് ഹിമാലചൽ പ്രദേശിലെ  പൊതുമരാമത്ത് വകുപ്പ് മന്ത്രി  വിക്രമാദിത്യ സിംഗ് പ്രതികരിച്ചത്. ഹിമാചൽ പ്രദേശ് സർക്കാർ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നൽകുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം. 

കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടോ സംസ്ഥാനത്തിന്റെ വികസനത്തിനുള്ള ഫണ്ടോ സോണിയാ ഗാന്ധിക്ക് നൽകുന്നു എന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു രൂപയെങ്കിലും  ഇത്തരത്തിൽ വകമാറ്റിയതായി തെളിയിക്കാൻ കങ്കണയെ പരസ്യമായി വെല്ലുവിളിക്കുന്നു. അല്ലെങ്കിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് സോണിയാ ഗാന്ധിയോട് മാപ്പ് പറയണമെന്നും വിക്രമാദിത്യ സിംഗ് ആവശ്യപ്പെട്ടു. കങ്കണ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കും. എന്തടിസ്ഥാനത്തിലാണ് അവർ ഇത്തരമൊരു പ്രസ്താവന സോണിയാ ഗാന്ധിയെ പോലുള്ള ഒരു നേതാവിനെതിരെ നടത്തിയതെന്നും മന്ത്രി ചോദിക്കുന്നു. കർഷക സമരത്തെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ കഴിഞ്ഞ മാസം കങ്കണയെ ബിജെപി ശാസിച്ചതും വിക്രമാദിത്യ സിംഗ് ചൂണ്ടിക്കാട്ടി. ബൗദ്ധിക പാപ്പരത്തമാണ് കങ്കണയ്ക്കെന്നും മന്ത്രി വിമർശിച്ചു. 

ഞായറാഴ്ച തന്റെ മണ്ഡലത്തിൽ മെമ്പർഷിപ്പ് ക്യാമ്പെയിനിടെയാണ് കങ്കണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിംഗിനെ കടന്നാക്രമിച്ചത്. ദുരന്തങ്ങളും കോൺഗ്രസും സംസ്ഥാനത്തെ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി. ഈ സർക്കാരിനെ വേരോടെ പിഴുതെറിയാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കേന്ദ്ര സർക്കാർ ദുരിതാശ്വാസ ഫണ്ട് നൽകിയാൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകേണ്ടത്. എന്നാൽ അത് 'സോണിയാ ദുരിതാശ്വാസ നിധി'യിലേക്കാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാമെന്നാണ് കങ്കണ ആരോപിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡി ലോക്‌സഭാ സീറ്റിൽ എതിരാളിയായിരുന്ന വിക്രമാദിത്യ സിംഗിനെയും കങ്കണ പരിഹസിച്ചു. റോഡുകളിലെ കുഴികൾ കാരണം ജനങ്ങൾ മടുത്തു. തന്‍റെ മണ്ഡലത്തിൽ സാധ്യമായതിൽ കൂടുതൽ താൻ ചെയ്യും, പക്ഷേ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എന്തെങ്കിലും ചെയ്യണം എന്നാണ് വിക്രമാദിത്യ സിംഗിനെ കുറിച്ച് കങ്കണ പറഞ്ഞത്. 

കഴിഞ്ഞ വർഷവും ഈ വർഷവും ഉണ്ടായ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, കനത്ത മഴ എന്നിവയാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഹിമാചൽ പ്രദേശ്. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്നു. എല്ലാ മന്ത്രിമാരും രണ്ട് മാസത്തേക്ക് ശമ്പളമോ ടിഎയോ ഡിഎയോ എടുക്കില്ല. ഇത് ഒരു ചെറിയ തുക മാത്രമാണ്. പക്ഷേ ഇത് പ്രതീകാത്മകമാണ്. എല്ലാ എംഎൽഎമാരോടും ഈ വഴി പിന്തുടരാൻ അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം; രാജ്യത്തെ മെഡിക്കൽ കോളജുകളുടെ എണ്ണം 766 ആയി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios