ബിജെപിക്ക് തിരിച്ചടി, തൃണമുല്‍ കോണ്‍ഗ്രസിനെതിരായ പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അപമാനകരമെന്ന് സുപ്രീംകോടതി
പരസ്യങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്.ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബിജെപി സുപ്രീംകോടതിയില്‍
ദില്ലി:ബിജെപിക്ക് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി .തൃണമുല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.പരസ്യങ്ങള്‍ കണ്ടിരുന്നുവെന്നും പ്രഥമദൃഷ്ട്യ അപമാനകരമാണെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. ജസ്റ്റീസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ബിജെപിയുെട ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ചത്. വോട്ടരമാരുടെ താല്പര്യപ്രകാരമുള്ളതല്ല ബിജെപിയുടെ പരസ്യങ്ങള്‍ എന്നും സുപ്രീംകോടതി പറഞ്ഞു. നിങ്ങളുടെ എതിരാളി നിങ്ങളുടെ ശത്രുവല്ലെന്നും ജസ്റ്റീസ് കെ വി വിശ്വനാഥന്‍ വാക്കാല്‍ പരാമര്‍ശിച്ചു. കോടതി കടുത്ത സമീപനം സ്വീകരിച്ചതോടെ ഹൈക്കോടതിയെ തന്നെ സമീപിക്കാം എന്ന് സൂചിപ്പിച്ച ബിജെപി ഹര്‍ജി പിന്‍വലിച്ചു.പരസ്യങ്ങള്‍ വിലക്കിയ കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്
പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാർത്ഥി അഭിജിത്ത് ഗംഗോപാധ്യായ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. അഭിജിത്ത് ഗംഗോപാധ്യായയെ 24 മണിക്കൂർ നേരത്തക്ക് പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് നടപടി. മാന്യതക്ക് നിരക്കാത്ത പരാമര്‍ശമാണ് അഭിജിത്ത് ഗംഗോപാധ്യായ നടത്തിയതെന്ന് നേരത്തെ കമ്മീഷൻ വിമർശിച്ചിരുന്നു. പത്ത് ലക്ഷമാണോ മമതയുടെ വിലയെന്ന പരാമർശമാണ് ടപടിക്ക് കാരണമായത്. പരാർമശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.