ഒരേ സാധനം, പക്ഷേ ഐഫോണിൽ നിന്ന് വാങ്ങുമ്പോൾ കൂടുതൽ വില? സ്ക്രീൻഷോട്ട് സഹിതം ആരോപണവുമായി ഉപഭോക്താവ്
ഇത് നേരത്തെ തന്നെയുണ്ടെന്നാണ് പല ഉപഭോക്താക്കളും അഭിപ്രായപ്പെടുന്നതും. പലരും സമാനമായ അനുഭവങ്ങളും പങ്കുവെയ്ക്കുന്നതും.
മുംബൈ: ഇ-കൊമേഴ്സ് സൈറ്റുകകൾ ആൻഡ്രോയിഡ് ഉപയോക്താക്കളിൽ നിന്നും ഐഫോൺ ഉപയോക്താക്കളിൽ നിന്നും ഒരേ സാധനത്തിന് രണ്ട് വിലയാണോ ഈടാക്കുന്നത്? സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളാണ് ഇതേച്ചൊല്ലി നടക്കുന്നത്. ഒരാൾ പങ്കുവെച്ച രണ്ട് സ്ക്രീൻഷോട്ടുകളുടെ പിന്നാലെയാണ് വിഷയത്തിന് ചൂടു പിടിച്ചതെങ്കിലും സമാനമായ അനുഭവമുണ്ടെന്ന് പറയുന്ന നിരവധി പേരുടെ കമന്റുകളും കാണാം.
സൗരഭ് ശർമ എന്നയാണാണ് ഫ്ലിപ്‍കാർട്ട് ആപ്ലിക്കേഷനിൽ നിന്നുള്ള രണ്ട് സ്ക്രീൻ ഷോട്ടുകൾ പോസ്റ്റ് ചെയ്തത്. ഒരെണ്ണം ആൻഡ്രോയിഡ് ഫോണിൽ നിന്ന് എടുത്തതും മറ്റൊന്നും ഐഫോണിൽ നിന്ന് എടുത്തതും. വൻ വിലക്കുറവോടെ വിൽക്കുന്ന ഒരു ക്യാബിൻ സ്യൂട്ട്കേസിന്റെ വിലയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് ആപ്പിൽ 4119 രൂപയും ഐഒഎസ് ആപ്പിൽ 4799 രൂപയുമാണുള്ളത്. ആൻഡ്രോയിഡിൽ 65 ശതമാനം വിലക്കുറവും ഐഫോണിൽ 60 ശതമാനം വിലക്കുറവുമാണ് അവകാശപ്പെടുന്നതും. ഇതിന് പുറമെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മാസം 1373 രൂപ മുതലുള്ള നോ-കോസ്റ്റ് ഇഎംഐ സൗകര്യമുള്ളപ്പോൾ ഐഒഎസിൽ 1600 രൂപ മുതലുള്ള സാധാരണ ഇഎംഐയാണ് ലഭ്യമായിട്ടുള്ളതും.
സബ്സ്ക്രിപ്ഷനുകൾക്ക് ആപ്പിൾ 30 ശതമാനം കമ്മീഷൻ എടുക്കുന്നതു കൊണ്ടു തന്നെ അത്തരം കാര്യങ്ങൾക്ക് ഐഫോണുകളിൽ നിരക്ക് കൂടുന്നത് സ്വാഭാവികമാണെങ്കിലും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഈ വ്യത്യാസം വരുന്നത് സംശകരമാണെന്നും പോസ്റ്റിട്ട വ്യക്തി ആരോപിക്കുന്നു. ഈ വിഷയത്തിൽ ഫ്ലിപ്‍കാർട്ട് കസ്റ്റമർ കെയർ ടീമിനോട് സംസാരിച്ച ചാറ്റിന്റെ സ്ക്രീൻ ഷോട്ടും പുറത്തുവന്നിട്ടുണ്ട്. പല കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി വിൽപ്പനക്കാരാണ് വില നിശ്ചയിക്കുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
അതേസമയം പല ആപ്പുകളിലും ഇത്തരത്തിൽ ഐഫോണിലും ഐഒഎസിലും വില മാറ്റമുണ്ടെന്ന് ആളുകൾ പറയുന്നു. രണ്ട് ഉകരണങ്ങളും ഉപയോഗിച്ച് ടാക്സി വിളിച്ചാൽ പോലും ഈ മാറ്റം അറിയാൻ കഴിയുമെന്നും ആളുകൾ വിശദീകരിക്കുന്നുണ്ട്. അതേസമയം കമ്മീഷൻ റേറ്റ് അടിസ്ഥാനപ്പെടുത്തി ചെറിയ മാറ്റമാണ് വിലയിൽ വരുന്നതെന്നും മറിച്ച് വലിയ മാറ്റമുണ്ടെങ്കിൽ അത് വിൽപനക്കാരന് പറ്റിയ പിഴവായിരിക്കുമെന്ന അഭിപ്രായവുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം