രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതായി അടുത്ത വൃത്തങ്ങൾ

ടാറ്റ ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വിവരങ്ങൾ നേരിട്ട് അറിയാവുന്ന രണ്ട് പേരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്

Ratan Tata is in critical condition and admitted in intensive care unit says reports

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിശദാംശങ്ങൾ നേരിട്ട് അറിയാവുന്ന രണ്ട് പേരിൽ നിന്ന് ബുധനാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്നും റോയിട്ടേഴ്സ് പറയുന്നു. അതേസമയം തിങ്കളാഴ്ച ആശുപത്രിയിൽ പോയത് പതിവ് മെഡിക്കൽ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്നും 86കാരനായ രത്തൻ ടാറ്റ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ബുധനാഴ്ച പുറത്തുവന്ന പുതിയ വിവരങ്ങളെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് പ്രതിനിധികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രത്തൻ ടാറ്റയുടെ ആരോഗ്യനില സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രത്തൻ ടാറ്റയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവന്ന കുറിപ്പ് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നും ഇല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

1991 മാർച്ചിലാണ് രത്തൻ ടാറ്റ, ടാറ്റ സൺസ് ചെയർമാനായി സ്ഥാനമേറ്റത്. 2012 ഡിസംബ‍ർ വരെ കമ്പനിയെ നയിച്ചു. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം പലമടങ്ങ് വർദ്ധിച്ചു. നിർണായകമായ പല ഏറ്റെടുക്കലുകളും നടത്തി. 1991ൽ 10,000 കോടി രൂപയായിരുന്ന കമ്പനിയുടെ വിറ്റുവരവ് 2011-12 ആയപ്പോൾ 100.09 ബില്യൻ ഡോളറായി. സ്ഥാനമൊഴിഞ്ഞതിന് ശേഷം പിന്നീട് ചെയർമാൻ സ്ഥാനത്തു വന്ന സൈറസ് മിസ്ത്രിയുമായി രത്തൻ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാർത്തകളും വലിയ ചർച്ചയായി. പിന്നീട് മിസ്ത്രിയെ 2016 ഒക്ടോബറിൽ പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയിൽ കമ്പനിയുടെ നേതൃത്വം എൻ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു. ശേഷം ടാറ്റ സൺസ് ചെയർമാൻ എമറിറ്റസ് പദവിയിലാണ് രത്തൻ ടാറ്റയുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios