അധികാര ദുർവിനിയോഗ പരാതി ഉന്നയിച്ച കളക്ടർക്കെതിരെ പരാതിയുമായി പൂജാ ഖേഡ്കർ
പൂജയുടെ അധികാര ദുർവിനിയോഗത്തേക്കുറിച്ചുള്ള വിവരം മഹാരാഷ്ട്രാ സർക്കാരിന് നൽകിയ ഉദ്യോഗസ്ഥനെതിരെയാണ് പൂജയുടെ പരാതി. സുഹാസ് ദിവാസേയുടെ പരാതിക്ക് പിന്നാലെയായിരുന്നു പൂജയെ സ്ഥലം മാറ്റിയത്.
മുംബൈ: അധികാര ദുർവിനിയോഗത്തിന് നടപടിയെടുത്ത പൂനെ ജില്ലാ കളക്ടർ സുഹാസ് ദിവാസേയ്ക്കെതിരെ പരാതിയുമായി സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ. പൂജയുടെ അധികാര ദുർവിനിയോഗത്തേക്കുറിച്ചുള്ള വിവരം മഹാരാഷ്ട്രാ സർക്കാരിന് നൽകിയ ഉദ്യോഗസ്ഥനെതിരെയാണ് പൂജയുടെ പരാതി. സുഹാസ് ദിവാസേയുടെ പരാതിക്ക് പിന്നാലെയായിരുന്നു പൂജയെ സ്ഥലം മാറ്റിയത്.
പൂജയുടെ പരാതിയുടെ വിരങ്ങൾ ശേഖരിക്കാൻ പൊലീസ് ഇവരെ തിങ്കളാഴ്ച രാത്രി വസതിയിലെത്തി സന്ദർശിച്ചതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം വിവാദ സംഭവങ്ങളുടെ പിന്നാലെ മുസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ പൂജയുടെ ഐഎഎസ് ട്രെയിനിംഗ് നീട്ടിവച്ചിരിക്കുകയാണ്. ജൂലൈ 23നകം അക്കാദമിയിൽ തിരികെ എത്തണമെന്നാണ് പൂജയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. വാഷിമിൻ്റെ സൂപ്പർ ന്യൂമറി അസിസ്റ്റൻ്റ് കളക്ടറായാണ് സ്ഥലം മാറ്റിയത്. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇവർ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പുറമേയാണ് തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം