മാവോയിസ്റ്റുകളുടെ ഭീഷണി: പദ്മശ്രീ പുരസ്കാരം തിരികെ നൽകും; സുരക്ഷയൊരുക്കണമെന്നും ഹേംചന്ദ് മാഞ്ചി
പോസ്റ്ററുകളിൽ മാഞ്ചി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മശ്രീ സ്വീകരിക്കുന്ന ചിത്രവും പതിച്ചിരുന്നു.
ദില്ലി: മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടർന്ന് പദ്മശ്രീ പുരസ്ക്കാരം തിരികെ നൽകാൻ ഹേംചന്ദ് മാഞ്ചി. ഈ വർഷമാണ് പാരമ്പര്യ വൈദ്യനായ മാഞ്ചിക്ക് പത്മശ്രീ ലഭിക്കുന്നത്. ഛത്തീസ്ഗഢിലെ നാരായൺപൂരാണ് മാഞ്ചിയുടെ സ്വദേശം. മാവോയിസ്റ്റുകൾ ഇന്നലെ രാത്രിയിൽ നാരായൺപൂരിലെ ചമേലി ഗ്രാമത്തിൽ മൊബൈൽ ടവറിന് തീയിട്ട ശേഷം മാഞ്ചിക്കെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു. പോസ്റ്ററുകളിൽ മാഞ്ചി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മശ്രീ സ്വീകരിക്കുന്ന ചിത്രവും പതിച്ചിരുന്നു.
നാരായൺപൂരിൽ പ്രവർത്തിക്കുന്ന ഇരുമ്പ് ഖനി കമ്മീഷൻ ചെയ്തത് മാഞ്ചിയുടെ അറിവോടെയാണെന്നും മാവോയിസ്റ്റുകൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണം മാഞ്ചി നിഷേധിച്ചു. ഈ സംഭവത്തിന് ശേഷം പൊലീസ് മാഞ്ചിയെ നാരായൺപൂർ നഗരത്തിലുള്ള ഒരു വീട്ടിൽ മൂന്ന് പൊലീസ് ഉദ്യേഗസ്ഥരുടെ സംരക്ഷണയിൽ മാറ്റി പാർപ്പിച്ചു. എന്നാൽ ഈ വീടിന് മതിലില്ലാത്തത് കൊണ്ട് മാഞ്ചി ഇപ്പോൾ സ്വന്തമായി ഒരു വാടക വീട്ടിലാണ് താമസം. തനിക്ക് സുരക്ഷയുള്ള വീട് നൽകാൻ അധികൃതർ തയ്യാറാകണമെന്ന് മാഞ്ചി വാർത്താ ഏജൻസിയോട് പ്രതികരിച്ചു.