വിൻഡോസ് തകരാറ്: എയർ ഇന്ത്യക്ക് ഒരു സർവ്വീസ് പോലും റദ്ദാക്കേണ്ടി വന്നില്ല, ക്രഡിറ്റ് സ്വന്തം സാങ്കേതികവിദ്യക്ക്

ജൂലൈ 19ന് ഒരു സർവ്വീസ് പോലും റദ്ദാക്കേണ്ടി വന്നില്ലെന്നും എന്നാൽ എയർപോർട്ട് സർവ്വീസിലെ അപാകത മൂലം ചില സർവ്വീസുകൾക്ക് താമസം മാത്രമാണ് നേരിട്ടതെന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്

none of the Air India flights on 19 July were cancelled on account of the worldwide outage of travel systems claims Air India

ദില്ലി: ഫാൽക്കൺ സെൻസറിലെ തകരാറ് മൂലം എയർപോർട്ടുകളിൽ വിമാന സർവ്വീസുകൾക്കുണ്ടായ തകരാറ് പരിഹരിച്ചതായി വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു. വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ പരിഹരിച്ചതായാണ് കേന്ദ്രമന്ത്രി വിശദമാക്കിയത്. വിമാന സർവ്വീസുകൾ സുഗമമായി നടക്കുന്നതായും കെ രാം മോഹൻ നായിഡു പ്രതികരിച്ചു. വെള്ളിയാഴ്ച ആഗോളതലത്തിലെ മൈക്രോ സോഫ്റ്റ് വിൻഡോസിലെ തകരാറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം തകരാറിലാക്കിയിരുന്നു. മറ്റ് വിമാന സർവ്വീസുകളും റീഫണ്ട് വിഷയവും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും മന്ത്രി വിശദമാക്കി. 

അതേസമയം ആഗോളതലത്തിലുണ്ടായ പ്രശ്നം എയർ ഇന്ത്യ വിമാന സർവ്വീസുകളെ ബാധിച്ചില്ലെന്നാണ് എയർ ഇന്ത്യ വക്താവ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവ് മൂലം ജൂലൈ 19ന് ഒരു സർവ്വീസ് പോലും റദ്ദാക്കേണ്ടി വന്നില്ലെന്നും എന്നാൽ എയർപോർട്ട് സർവ്വീസിലെ അപാകത മൂലം ചില സർവ്വീസുകൾക്ക് താമസം മാത്രമാണ് നേരിട്ടതെന്നുമാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്. എയർ ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യയെ ആഗോള പ്രതിസന്ധി ബാധിച്ചില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. കൊൽക്കത്ത, മുംബൈ, ദില്ലി, ചെന്നൈ, കൊച്ചി അടക്കമുളള വിമാനത്താവളങ്ങളെ ആഗോളതലത്തിലെ തകരാറ് സാരമായി ബാധിച്ചിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ മാത്രം 25 സർവ്വീസുകളാണ് റദ്ദാക്കിയത്. 70 ലേറെ സർവ്വീസുകളാണ് കൊൽക്കത്തയിൽ മാത്രം താമസം നേരിട്ടത്. 

ക്രൗഡ്സ്ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്ഡേറ്റിലെ പിഴവ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ വെള്ളിയാഴ്ച മുതൽ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളി വിട്ടിരുന്നു. ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻ നിര കന്പനികളും, എയർപോർട്ടുകളും ബാങ്കുകളും എല്ലാം ഇതോടെ കുഴപ്പത്തിലായിരുന്നു. വിമാനത്താവളങ്ങളിലെയും ബാങ്കുകളിലെയും സൂപ്പർമാർക്കറ്റുകളിലെയും കന്പ്യൂട്ടറുകൾ പണിമുടക്കിയതോടെയാണ് പൊതുജനം പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. അമേരിക്കയിലും, യുകെയിലും, ഓസ്ട്രേലിയയിലും ഇന്ത്യയിലും അടക്കം നിരവധി വിമാന സർവ്വീസുകളെ പ്രശ്നം കാര്യമായി ബാധിച്ചു.

ചെക്ക് ഇൻ ചെയ്യാനും, ബാഗേജ് ക്ലിയറൻസ് നടത്താനും പോലും പറ്റാത്ത അവസ്ഥ പലയിടത്തുമുണ്ടായി.ഡിസ്പ്ലേ ബോർഡുകൾ പണിമുടക്കിയതോടെ വമ്പൻ വൈറ്റ് ബോർഡുകളിൽ വിമാന സർവ്വീസ് വിവരങ്ങൾ എഴുതിവയ്ക്കേണ്ടി വന്നു ചില എയർപോർട്ടുകളിൽ. വിൻഡോസ് സിസ്റ്റങ്ങളെ നിശ്ചലമാക്കിയ പ്രശ്നത്തിന്റെ  യഥാർത്ഥ കാരണം ക്രൗഡ്സ്ട്രൈക്ക് എന്ന സൈബർസുരക്ഷ കന്പനിയുടെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിൽ രാത്രി നടത്തിയ ഒരു അപ്ഡേറ്റാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ലോകത്തെ മുൻനിര ബിസിനസ് സ്ഥാപനങ്ങൾ വിശ്വസിക്കുന്ന സൈബർ സുരക്ഷാ കന്പനിയാണ് ക്രൗഡ്സ്ട്രൈക്ക്. വൈറസുകളിൽ നിന്നും ഹാക്കർമാരിൽ നിന്നും സന്പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്ന കന്പനിയുടെ അബദ്ധത്തിന് വലിയ വിലയാണ് ബാങ്കുകൾക്കടക്കം കൊടുക്കേണ്ടി വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios