സ്പായുടെ മറവിൽ സെക്സ് റാക്കറ്റ്; പൊലീസ് റെയ്ഡിൽ രണ്ട് പേർ പിടിയിൽ
റെയ്ഡിനായി പൊലീസ് സംഘം എത്തിയ സമയത്ത് സ്പായിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. റാക്കറ്റുമായി ബന്ധമുള്ള മറ്റ് മൂന്ന് പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
നോയിഡ: സ്പായുടെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന സംശയത്തെ തുടർന്ന് പൊലീസ് റെയ്ഡ്. നോയിഡയിൽ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ മാനിഷ് മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലോക്കൽ പൊലീസിനൊപ്പം ആന്റി ഹ്യൂമൺ ട്രാഫിക്കിങ് യൂണിറ്റും (എ.എച്ച്.ടി.യു) പരിശോധനയിൽ പങ്കെടുത്തു.
റെയ്ഡിനായി പൊലീസ് സംഘം എത്തിയ സമയത്ത് സ്പായിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. റാക്കറ്റുമായി ബന്ധമുള്ള മറ്റ് മൂന്ന് പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ വിവിധ വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ടർ 49 പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബറൗല വില്ലേജിലുള്ള സ്പാ കേന്ദ്രീകരിച്ചായിരുന്നു സെക്സ് റാക്കറ്റിന്റെ പ്രവർത്തനമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
വിമൺ സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ സൗമ്യ സിങ്, നോയിഡ -3 അസിസ്റ്റന്റ് കമ്മീഷണർ ശവ്യ ഗോയർ തുടങ്ങിയവരും ആന്റി ഹ്യൂമൺ ട്രാഫിക്കിങ് യൂണിറ്റ് മേധാവി രാജീവ് ബൽയാൻ തുടങ്ങിയവരും സ്ഥലത്തെത്തി. രണ്ട് മൊബൈൽ ഫോണുകളും 9780 രൂപയും 26 വിസിറ്റിങ് കാർഡുകളും മറ്റ് ചില സാധനങ്ങളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.