ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി, മുൻവിധിയോടെ നടപടി പാടില്ല, പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത്
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകും
ദില്ലി: ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീംകോടതി. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് നിയമവിരുദ്ധവും ഭണഘടനയോടുള്ള വെല്ലുവിളിയാണെന്നും കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കിയ കോടതി അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതില്‍ മാര്‍ഗനിര്‍ദ്ദേശവും പുറത്തിറക്കി
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥടക്കം പ്രയോഗിക്കുന്ന ബുള്‍ഡോസര്‍ ഭരണം ഇനി വേണ്ടെന്ന് സുപ്രീംകോടതി. പ്രതികളുടെ വീടുകള്‍ തകര്‍ക്കുന്നതിനെതിരെ നല്‍കിയ ഒരു കൂട്ടം ഹർജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും, കെ വി വിശ്വനാഥനും നല്‍കിയത് കര്‍ശന നിര്‍ദ്ദേശങ്ങള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒരാള്‍ പ്രതിയാണെന്ന് എങ്ങനെ തീര്‍പ്പുകല്‍പിക്കാനാകുമെന്നാണ് കോടതി ചോദിച്ചത്. ഒരാള‍് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. കോേടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ല.
പാര്‍പ്പിടം ജന്മാവകാശമാണ്. അപ്പോള്‍ അത് തകര്‍ക്കുന്നത് നിയമവിരുദ്ധവും ഭരണ ഘടന വിരുദ്ധവുമാണ്.നിരാലംബരായ സ്ത്രീകളെയും കുട്ടികളേയും തെരുവിലിറക്കുന്നത് അംഗീകരിക്കാനാവില്ല.ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ വിധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണ്. നിയമപ്രകാരമല്ലാതെ വീട് പൊളിച്ചാല്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാം.ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. വീട് നിര്‍മ്മാണത്തിനാവശ്യമായ തുക ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു
നിര്‍മ്മാണം അനധികൃതമെങ്കില്‍ നടപടിക്രമങ്ങളിലൂടെ മാത്രമേ പൊളിച്ചു നീക്കാനാവൂ. 15 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവസരം നല്‍കണം. കോടതി തടഞ്ഞില്ലെങ്കില്‍ മാത്രമേ പൊളിക്കാവൂ. നോട്ടീസ് നല്‍കിയതും, അതില്‍ സ്വീകരിച്ച നടപടിയുമടക്കം വ്യക്തമാക്കുന്ന ഡിജിറ്റല്‍ പോര്‍ട്ടല്‍ മൂന്ന് മാസത്തിനകം സജ്ജമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.