റെയിൽവെയിൽ പുതിയ ടിക്കറ്റ് റിസർവേഷൻ നിയമങ്ങൾ പ്രാബല്യത്തിൽ; റദ്ദാക്കലുകൾ പരിഗണിച്ചെടുത്ത തീരുമാനമെന്ന് റെയിൽവെ

യാത്രക്കാർ ടിക്കറ്റുകൾ റദ്ദാക്കുന്നതിന്റെ കണക്കുകൾ പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് റെയിൽവെ വിശദീകരിച്ചിട്ടുണ്ട്.

new ticket booking rules come into effect in railway from today already booked tickets exempted

ന്യൂഡൽഹി: റെയിൽവെയിൽ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തിൽ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി കഴിഞ്ഞ മാസം പകുതിയോടെ റെയിൽവെ സർക്കുലർ പുറത്തിറക്കിയിരുന്നു. യാത്രക്കാർ റിസർവ് ചെയ്യുകയും ടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്യുന്നതിന്റെ കണക്കുകൾ പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് അധികൃതർ വിശദീകരിച്ചിട്ടുണ്ട്.

യാത്ര പുറപ്പെടുന്ന തീയ്യതിക്ക് 120 ദിവസം മുമ്പ് മുതൽ നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യാമായിരുന്നെങ്കിൽ ഇനി മുതൽ 60 ദിവസമായിരിക്കും ഇതിനുള്ള പരിധി. യഥാർത്ഥത്തിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന യാത്രക്കാർ മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പിന്നീടുള്ള ടിക്കറ്റ് റദ്ദാക്കലുകളും ബുക്ക് ചെയ്തിട്ട് യാത്ര ചെയ്യാതിരിക്കുന്ന പ്രവണതകളും പരമാവധി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരമെന്ന് റെയിൽവെ വിശദീകരിക്കുന്നുണ്ട്. 

കണക്കുകൾ പരിശോധിക്കുമ്പോൾ യാത്രാ തീയ്യതിക്കും 61 മുതൽ 120 ദിവസം വരെ മുമ്പ് എടുക്കുന്ന ടിക്കറ്റുകളിൽ 21 ശതമാനവും പിന്നീട് റദ്ദാക്കപ്പെടുകയാണത്രെ. അഞ്ച് ശതമാനം പേർ ടിക്കറ്റ് റദ്ദാക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്നില്ലെന്നും കണ്ടെത്തി. ഇവ രണ്ടും പരിഗണിച്ചാണ് റിസർവേഷൻ കാലപരിധി കുറച്ചതെന്ന് റെയിൽവെ പറയുന്നു. ഉത്സവ സീസൺ പോലെ തിരക്കേറിയ സമയങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നതിന് ഉൾപ്പെടെ കൂടുതൽ കൃത്യമായും കാര്യക്ഷമമായും പ്ലാൻ ചെയ്യാൻ റെയിൽവെയെ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇതിനോടകം ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല. അവ ഉപയോഗിച്ച് യാത്രക്കാർക്ക് സാധരണ പോലെ യാത്ര ചെയ്യാം. അതേസമയം വിദേശ ടൂറിസ്റ്റുകൾക്ക് അനുവദിക്കുന്ന 365 ദിവസത്തെ റിസർവേഷൻ സമയപരിധി മാറ്റമില്ലാതെ തുടരും. ഇതിന് മുമ്പ് 2015ലാണ് റെയിൽവെ റിസർവേഷൻ സമയ പരിധി പരിഷ്കരിച്ചത്. 1998 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സമയപരിധി 30 ദിവസമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios