പനി മുതൽ പ്രഷർവരെ, പേരിനുപോലും മരുന്നില്ലാത്ത 'ചാത്തൻ ഗുളികകൾ', നിർമ്മാണത്തിന് മാവും ചോക്കും, മുന്നറിയിപ്പ്
ചുമ, പനി, ജലദോഷം മുതൽ ജീവിത ശൈലീ രോഗങ്ങൾക്ക് വരെയുള്ള ഗുളികകളാണ് ഈ വ്യാജ മരുന്ന് കമ്പനിയുടേതായി എത്തിയിരുന്നത്. പേരിന് പോലും മരുന്നില്ലാത്ത ഈ മരുന്നുകളിൽ ചോക്കും മാവും ആണ് അസംസ്കൃത വസ്തുവായി ഉപയോഗിച്ചിരുന്നത്
അമരാവതി: ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരിൽ മരുന്നുകൾ. റെയ്ഡിൽ പൊളിഞ്ഞത് വൻ വ്യാജ മരുന്ന് ബിസിനസ്. മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വ്യാജ ഗുളികകൾ പിടിച്ചെടുത്തത്. തെലങ്കാനയിൽ നടന്ന പരിശോധനയി 34 ലക്ഷം രൂപയുടെ മരുന്നാണ് ഡിസിഎ പിടിച്ചെടുത്തത്. ഇല്ലാത്ത കമ്പനിയുടെ പേരിലായിരുന്നു ഈ ഗുളികകൾ നിർമ്മിച്ചിരുന്നത്.
മെഗ് ലൈഫ് സയൻസെസ് എന്ന കമ്പനിയുടെ പേരിൽ ഹിമാചൽപ്രദേശിലെ സിർമോർ ജില്ലയിലെ പല്ലിയിലുള്ള ഖാസര എന്ന വിലാസമാണ് ഈ ചാത്തൻ ഗുളികകൾ ഉപയോഗിച്ചിരിക്കുന്നത്. ചുമ, പനി, ജലദോഷം മുതൽ ജീവിത ശൈലീ രോഗങ്ങൾക്ക് വരെയുള്ള ഗുളികകളാണ് ഈ വ്യാജ മരുന്ന് കമ്പനിയുടേതായി എത്തിയിരുന്നത്. പേരിന് പോലും മരുന്നില്ലാത്ത ഈ മരുന്നുകളിൽ ചോക്കും മാവും ആണ് അസംസ്കൃത വസ്തുവായി ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ഈ ഗുളികകൾ കഴിക്കുന്നത് ചില ദുർബല വിഭാഗങ്ങൾക്ക് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ കമ്പനിയുടെ പേരിലുള്ള മരുന്നുകൾ ലഭിച്ചാൽ അവ ഉപയോഗിക്കരുതെന്നും ഡിസിഎയെ അറിയിക്കണമെന്നുമാണ് തെലങ്കാനയിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹ്യദ്രോഹികളാണ് ഇത്തരം മരുന്നുകൾ നിർമ്മിക്കുന്നതെന്നാണ് തെലങ്കാന ഡിസിഎ ഡയറക്ടർ ജനറൽ വി ബി കമലാസൻ റെഡ്ഡി മാധ്യമങ്ങളോട് വിശദമാക്കുക. റീട്ടെയിൽ കടകൾക്കും ഹോൾസെയിൽ ഇടപാകാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം