പാക് സൈന്യത്തിൻ്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റം: കശ്മീര്‍ അതിര്‍ത്തിയിൽ കൂടുതൽ ബിഎസ്എഫ് ജവാന്മാരെ നിയോഗിക്കും

നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിരുന്നു. ഇത് പരാജയപ്പെടുത്തിയെന്നാണ് സൈന്യം അറിയിച്ചത്

More BSF battalions to be deployed in Jammu Kashmir

ദില്ലി: ജമ്മു കശ്മീരിലേക്ക് അതിർത്തി രക്ഷാ സേന(BSF)യുടെ കൂടുതൽ ബറ്റാലിയനുകളെ നിയമിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാക് സൈന്യത്തിൻ്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നീക്കം. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. അതിനിടെ ഇന്നലെ പരിക്കേറ്റ ഒരു സൈനികൻറെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.

കാ‌​ർ​ഗിലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന്  പ്രകോപനം ഉണ്ടായത്. ഇന്നലെ പുലർച്ചെയാണ് കുപ്‌വാര ജില്ലയിലെ മാചൽ സെക്ടറിൽ കാംകാരി പോസ്റ്റിനോട് ചേർന്ന് ഏറ്റുമുട്ടൽ തുടങ്ങിയത്. പാക്കിസ്ഥാൻ സൈന്യവും ഭീകരരും ഉൾപ്പെടുന്ന ബോർഡർ ആക്ഷൻ ടീമാണ് ആദ്യം വെടിയുതിർത്തത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. 

പാക്കിസ്ഥാൻ സൈന്യത്തിലെ എസ്എസ്ജി കമാൻഡോസ് അടക്കം ഭീകരർക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് സൂചന. കൊല്ലപ്പെട്ട ഭീകരൻ പാക് പൗരനാണ്. ഇന്ത്യൻ സൈന്യത്തിലെ മേജർ റാങ്കിലുള്ള ഉദ്യോ​ഗസ്ഥനടക്കം അഞ്ചുപേർക്കാണ് പരിക്കേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ കുപ്‌വാരയിൽ ഇത് രണ്ടാം തവണയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നത്. കാർ​ഗിൽ വിജയാഘോഷങ്ങൾക്ക് തൊട്ടു പിന്നാലെയുണ്ടായ പാക് പ്രകോപനത്തെ ഇന്ത്യ ​ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെയും ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. പാക് നീക്കങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കാനാണ് യോഗത്തില് നിർദേശം നൽകിയത്. തുടർന്ന് കരസേന മേധാവി കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios