രാജ്യത്തെ പ്രതിരോധ വകുപ്പിന്‍റെ ഭൂമിയില്‍ പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വന്‍ സര്‍വേ
രാജ്യത്ത് പ്രതിരോധ വകുപ്പിന്‍റെ കീഴില്‍ വിവിധ പ്രദേശങ്ങളിലായി 16.38 ലക്ഷം ഏക്കര്‍സ്ഥലം ഉണ്ടെന്നാണ് കണക്ക്. ഇതിന് പുറമേ 1.61 ഏക്കര്‍ സ്ഥലത്ത് വിവിധ കന്‍റോണ്‍മെന്‍റുകള്‍ സ്ഥതി ചെയ്യുന്നുണ്ട്.
ദില്ലി: രാജ്യത്തെ പ്രതിരോധ സേനകളുടെയും കന്‍റോണ്‍മെന്‍റുകളുടെയും കയ്യിലുള്ള ഭൂമിയില്‍ വിപുലമായ സര്‍വേ പ്രതിരോധ വകുപ്പ് അതിവേഗം പൂര്‍ത്തീകരിക്കുന്നു. അതിനൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രാജ്യത്തെ പ്രതിരോധ വകുപ്പിന് കീഴിലുള്ള 17.99 ലക്ഷം ഏക്കര്‍ സ്ഥലത്ത് സര്‍വേ നടത്തുന്നത് എന്ന് കേന്ദ്ര പ്രതിരോധ വകുപ്പിന്‍റെ ഉത്തരവ് പറയുന്നു. ആറുമാസത്തിനുള്ളില്‍ സര്‍വേയുടെ വലിയൊരു ഭാഗം പൂര്‍ത്തിയായിരിക്കുകയാണ്. 17.78 ലക്ഷം ഭൂമിയില്‍ 8.90 ലക്ഷം ഏക്കര്‍ ഭൂമിയിലെ സര്‍വേ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളത് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് പ്രതിരോധ വകുപ്പിന്‍റെ ശ്രമം.
രാജ്യത്ത് പ്രതിരോധ വകുപ്പിന്‍റെ കീഴില്‍ വിവിധ പ്രദേശങ്ങളിലായി 16.38 ലക്ഷം ഏക്കര്‍സ്ഥലം ഉണ്ടെന്നാണ് കണക്ക്. ഇതിന് പുറമേ 1.61 ഏക്കര്‍ സ്ഥലത്ത് വിവിധ കന്‍റോണ്‍മെന്‍റുകള്‍ സ്ഥതി ചെയ്യുന്നുണ്ട്. 16.38 ലക്ഷം ഭൂമിയില്‍ 18,000 ഏക്കറോളം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാറിനും നിന്നും പ്രതിരോധ വകുപ്പ് പാട്ടത്തിനെടുത്തതോ വാങ്ങിയതോ ആയ ഭൂമിയാണ്.
ആധുനിക സംവിധാനമായ ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ETS), ഡിഫ്രന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (DGPS) എന്നിവ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ഈ സംവിധാനങ്ങള്‍ സര്‍വേയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കും. ഡ്രോണുകള്‍, ഉപഗ്രഹ ദൃശ്യങ്ങള്‍ എന്നിവയും സര്‍വേയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് വഴി സമയബന്ധിതമായി സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം കരുതുന്നു.
ബാബ ആറ്റോമിക് റിസര്‍ച്ചുമായി ചേര്‍ന്ന് 3ഡി മോഡലിംഗ് ടെക്നിക്ക് ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ഏലിവേഷന്‍ മോഡല്‍ രീതി ഉയര്‍ന്ന പ്രദേശങ്ങളിലെ സര്‍വേയ്ക്കായി ഉപയോഗിക്കുന്നു. ഡിജിഡിഇ, പ്രതിരോധ മന്ത്രാലയം എന്നിവയുടെ ഇടപെടല്‍ മൂലം നാഷണല്‍ റിമോര്‍ട്ട് സെന്‍സിംഗ് സെന്‍ററിന്റെ സഹായത്തോടെ പ്രതിരോധ സേന ഭൂമികളുടെ ഉപഗ്രഹ ദൃശ്യങ്ങളും സര്‍വേയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഈ സര്‍വേയിലൂടെ രാജ്യത്തെ പ്രതിരോധ സേനയുടെ ഭൂമിയുടെ അതിരുകള്‍ കൃത്യമായി രേഖപ്പെടുത്താനും, പ്രതിരോധ സംവിധാനങ്ങളുടെ ഭാവി വികസനത്തിനുള്ള ഭൂമി വിഭവം ഉറപ്പാക്കാനും, ഒപ്പം കൈയ്യേറ്റങ്ങള്‍ തടയാനും പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നു.