വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; കല്ല്യാണത്തില്‍ നിന്നും പിന്‍മാറി വധു
തനിക്ക് വരനെ വേണ്ടെന്ന് വധു പ്രഖ്യാപിക്കുകയായിരുന്നു. ഈ തീരുമാനം വിവാഹ സ്ഥലത്ത് സംഘര്‍ഷ സമാനമായ അവസ്ഥയുണ്ടാക്കി.
മഹോബ: വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയാത്തതിനാല്‍ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് കൌതുകരമായ കാര്യം നടന്നത്. വിവാഹ മാല്യം അണിയിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. വരനും ബന്ധുക്കളും വരന് പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയ വധു വിവാഹത്തിന് തൊട്ടു മുന്‍പ് രണ്ടിന്‍റെ ഗുണനപ്പട്ടിക ചോദിക്കുകയായിരുന്നു വരനോട്. എന്നാല്‍ ഇത് ഇയാള്‍ക്ക് പറയാന്‍ സാധിച്ചില്ല.
ഇതോടെ തനിക്ക് വരനെ വേണ്ടെന്ന് വധു പ്രഖ്യാപിക്കുകയായിരുന്നു. ഈ തീരുമാനം വിവാഹ സ്ഥലത്ത് സംഘര്‍ഷ സമാനമായ അവസ്ഥയുണ്ടാക്കി. വരന്റെയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമായി. ഇതോടെ സംഭവിത്തില്‍ പൊലീസ് ഇടപെട്ടു. പൊലീസ് പ്രശ്നം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അടിസ്ഥാന കണക്കുകള്‍ പോലും അറിയാത്ത നിരക്ഷരനെ വിവാഹം ചെയ്യാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു വധു.
വരൻ നിരക്ഷരനാണെന്ന് അറിഞ്ഞത് ഞെട്ടിച്ചുവെന്നും, വരന്റെ ബന്ധുക്കള്‍ ഇക്കാര്യം മറച്ചുവെച്ചാണ് വിവാഹത്തിന് ഒരുങ്ങിയതെന്നും വധുവിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. വരനെ വേണ്ടെന്ന് വച്ച വധുവിന് ശക്തമായ പിന്തുണയാണ് വീട്ടുകാരും ബന്ധുക്കളും നല്‍കിയത്. ഇതോടെ വരന്‍റെ സംഘത്തെ പൊലീസ് മടക്കി അയച്ചു. ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും തിരികെ നൽകിയതായും പൊലീസ് അറിയിച്ചു.