കടിച്ച മൂര്‍ഖനെയും പിടിച്ച് പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്കെത്തി യുവാവ്
ഞായറാഴ്ചയാണ് വീട്ടിന് അടുത്തെ കൃഷിയിടത്തില്‍ പണിയെടുക്കുന്ന സമയത്ത് കഡപ്പയെ പാമ്പ് കടിച്ചത്.
ബെല്ലാരി: കടിച്ച മൂര്‍ഖന്‍ പാമ്പിനെയും കൈയ്യില്‍ പിടിച്ച് ചികില്‍സയ്ക്കായി ആശുപത്രിവരെയെത്തി യുവാവ്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ കംപല്ലി താലൂക്കിലാണ് സംഭവം. ഉപ്പരച്ചല്ലി ഗ്രാമത്തില്‍ താമസിക്കുന്ന മുപ്പതുകാരന്‍ കടപ്പയാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തത്. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഞായറാഴ്ചയാണ് വീട്ടിന് അടുത്തെ കൃഷിയിടത്തില്‍ പണിയെടുക്കുന്ന സമയത്ത് കഡപ്പയെ പാമ്പ് കടിച്ചത്. ഇവിടെ നിന്ന് തന്നെ കടിച്ച പമ്പിനെ കൈയ്യോടെ പിടികൂടി കഡപ്പ അടുത്ത പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നും ആന്‍റിവെനെ എടുത്ത ശേഷം ഇദ്ദേഹത്തെ വിഐഎംഎസ് ആശുപത്രിയിലേക്ക് എത്തിച്ചു. ഇപ്പോള്‍ ഐസിയുവിലാണ് കഡപ്പ. ഇദ്ദേഹത്തിന്‍റെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇയാള്‍ അപകട നില തരണം ചെയ്തതായി വിഐഎംഎസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം ഉന്തുവണ്ടിയില്‍ ഒരു ബന്ധുവാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് എന്ന് പിഎച്ച്സി അധികൃതര്‍ വ്യക്തമാക്കി. കയ്യില്‍ ആഴത്തിലുള്ള കടി തന്നെ കഡപ്പയ്ക്ക് ഏറ്റിരുന്നു എന്നാണ് ആദ്യം ഇദ്ദേഹത്തെ നോക്കിയ ഡോക്ടര്‍ വ്യക്തമാക്കിയത്. പിഎച്ച്സിയില്‍ എത്തിയ ശേഷം ഏറെ നിര്‍ബന്ധിച്ച ശേഷമാണ് കഡപ്പ മൂര്‍ഖനെ തന്‍റെ പിടിയില്‍ നിന്നും വിടുപിപ്പിച്ചത്. തുടര്‍ന്ന് ഈ മൂര്‍ഖനെ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് വിട്ടയച്ചു.